പേരാന്പ്രാ: കൈവശ ഭൂമിക്കുനികുതി സ്വീകരിക്കാത്തതിനെ തുടർന്നു കർഷകൻ ജീവനൊടുക്കിയ സംഭവത്തിൽ ചെന്പനോട വില്ലേജ് ഓഫീസിൽ നാടകീയ രംഗങ്ങൾ. ജോയിയുടെ സഹോദരൻ ജോസഫ് വില്ലേജ് ഓഫീസിൽ വെള്ളിയാഴ്ച രാവിലെയെത്തി കരം അടച്ചു. എന്നാൽ രേഖകൾ തിരുത്തിയാണു കരം സ്വീകരിച്ചതെന്നു ജോസഫ് ആരോപിച്ചു. ഒരു ഏക്കർ സ്ഥലം ഉണ്ടായിരുന്നുവെന്നും എന്നാൽ നിലവിൽ 80 സെന്‍റ് സ്ഥലമാണ് രേഖകളിൽ കാണുന്നതെന്നും സഹോദരൻ അറിയിച്ചു. ഇതേതുടർന്നു തിരുത്തിയ രേഖകളുടെ പകർപ്പ് വേണമെന്നു ജോസഫ് ആവശ്യപ്പെട്ടു.
എന്നാൽ ഒന്നരവർഷമായി സ്വീകരിക്കാത്ത സ്ഥലത്തിന്‍റെ കരം എങ്ങനെയാണ് രണ്ട് ദിവസത്തിനുള്ളിൽ സ്വീകരിച്ചതെന്നു വ്യക്തമാക്കണമെന്നും സഹോദരൻ. രേഖകൾ തിരുത്തിയതിന്‍റെ പിന്നിൽ എന്തെങ്കിലും ബാഹ്യ ഇടപെടലുകൾ ഉണ്ടോയെന്ന് അന്വേഷിക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു.
രേഖകളുടെ പകർപ്പ് നൽകണമെന്നു സഹോദരൻ ആവശ്യപ്പെട്ടതിനെ തുടർന്നു രേഖകളുടെ പകർപ്പ് നൽകാമെന്നു അധികൃതർ വ്യക്തമാക്കി. വിവരാവകാശ പ്രകാരം അപേക്ഷ നൽകിയാൽ മതിയെന്നും ഉദ്യോഗസ്ഥാർ അറിയിച്ചു.
അതേസമയം വില്ലേജ് ഓഫീൽ കരം അടയ്ക്കാൻ എത്തിയ മറ്റുള്ളവരുടെ കരം അധികൃതർ സ്വീകരിച്ചില്ല. ഇവരുടെ സ്ഥലം വനഭൂമിയാണെന്നു ചൂണ്ടിക്കാട്ടിയാണ് കരം സ്വീകരിക്കാത്തത്. എന്നാൽ ഉദ്യോഗസ്ഥർ വ്യക്തി വൈരാഗ്യം തീർക്കുകയാണെന്നു നാട്ടുകാർ അറിയിച്ചു.
ജോയിയുടെ മരണവുമായി ബന്ധപ്പെട്ട് കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നു റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ. കർഷക ആത്മഹത്യയിൽ കുറ്റക്കാർക്കെതിരെ വികാരപരമായി നടപടിയെടുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രാഥമികാന്വേഷണത്തിന്‍റെ ഭാഗമായി ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തുവെന്നും തുടർനടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.