പേരാമ്പ്ര: തന്റെ ഭാര്യയുടെ പേരിലുള്ള ഭൂമിക്കു കരമടയ്ക്കാനുള്ള നടപടി ആവശ്യപ്പെട്ട് ചെമ്പനോട വില്ലേജിന്റെ പടി കയറാൻ ജോയി തുടങ്ങിയിട്ട് വർഷങ്ങൾ. ശല്യക്കാരനായിട്ടാണ് ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ കണ്ടിരുന്നത്. ഗത്യന്തരമില്ലാതെയാണ് കഴിഞ്ഞ വർഷം ജോയിയും കുടുംബവും വില്ലേജ് ഓഫീസിനു മുമ്പിൽ സത്യാഗ്രഹമനുഷ്ഠിച്ചത്. താത്കാലികമായി കരം സ്വീകരിച്ച് സമരം അവസാനിപ്പിച്ചെങ്കിലും തുടർ നടപടി സ്വീകരിക്കാൻ വില്ലേജ് അധികൃതർ തയ്യാറായില്ല. കടക്കെണിയിലായിരുന്ന ജോയി ഈ സ്ഥലം വിൽക്കാൻ ആഗ്രഹിച്ചിരുന്നു.
രേഖകൾ ശരിയാക്കി തരണമെന്നാവശ്യപ്പെട്ടു നിരന്തരം വില്ലേജോഫീസിൽ എത്തിയിരുന്നു. ഒടുവിൽ മൂന്നു മാസം മുമ്പ് തന്റെ ആവശ്യം നടപ്പാക്കാത്ത പക്ഷം വില്ലേജ് ഓഫീസിൽ ആത്മഹത്യ ചെയ്യുമെന്നു കാട്ടി ജോയി ഓഫീസർക്കു കത്ത് നൽകിയിരുന്നു. ഏപ്രിൽ മാസമൊടുവിൽ ജോയിയുടെ ഭാര്യ മോളി വില്ലേധികൃ,തരുടെ മുമ്പിൽ എത്തി പ്രശ്നം പരിഹരിക്കണമെന്നും തന്റെ ഭർത്താവ് കടുത്ത മനഃപ്രയാസത്തിലുമാണെന്നും കരഞ്ഞപേക്ഷിച്ചിരുന്നു. മോളിയുടെ പക്കൽ നിന്നു പുതിയ അപേക്ഷ എഴുതി വാങ്ങിയ അധികൃതർ പക്ഷെ തുടർ നടപടി സ്വീകരിക്കാതെ കുടുംബത്തെ വലച്ചു.
വില്ലേജോഫീസിലെ ഒരുദ്യോഗസ്ഥൻ പ്രശ്നം പരിഹരിക്കാൻ ലക്ഷങ്ങൾ കൈക്കൂലി ആവശ്യപ്പെട്ടതായി ജോയി ഇതിനിടെ ആരോപണമുയർത്തിയിരുന്നു. ഈ ഉദ്യോഗസ്ഥനാണ് പ്രശ്നം പരിഹരിക്കുന്നതിനു തടസം നിന്നതെന്നാണ് ജനസംസാരം. തന്റെ കുടുംബത്തെ ദ്രോഹിച്ച റവന്യു ഉദ്യോഗസ്ഥരുടെ പടിവാതിൽക്കൽ തന്റെ ജീവൻ സമർപ്പിച്ചു പകരം വീട്ടി ജോയി ഒടുവിൽ യാത്രയായി. താൻ കഴിഞ്ഞ വർഷം സത്യഗ്രഹമിരുന്ന വില്ലേജോഫീസിന്റെ അതേ സ്ഥാനത്തു തന്നെ.
വില്ലേജ് അസിസ്റ്റന്റിനെ സസ്പെൻഡ് ചെയ്തു
പേരാമ്പ്ര: നികുതി സ്വീകരിക്കാത്തതിനെ തുടർന്ന് കർഷകൻ ജീവനൊടുക്കിയ സംഭവത്തിൽ വില്ലേജ് അസിസ്റ്റന്റിന് സസ്പെൻഷൻ. കോഴിക്കോട് ചെന്പനോടയിലെ കർഷകൻ കാവിൽ പുരയിടത്തിൽ ജോയി ചെമ്പനോട വില്ലേജോഫീസിനു മുമ്പിൽ ഇന്നലെ രാത്രി ജീവനൊടുക്കിയ സംഭവത്തിലാണ് കളക്ടറുടെ നടപടി. ഓഫീസിലെ മുൻ വില്ലേജ് അസിസ്റ്റന്റ് സിലീഷിനെ സസ്പെൻഡ് ചെയ്തുവെന്ന് കോഴിക്കോട് ജില്ലാ കളക്ടർ യു.വി.ജോസ് ആണ് നാട്ടുകാരെയും മാധ്യമങ്ങളെയും അറിയിച്ചത്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഇന്ന് രാവിലെ തന്നെ ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തിയിരുന്നു.
ജോയിയുടെ മൃതദേഹം ഇൻക്വസ്റ്റ് നടത്തുന്നതിന് മുന്പ് പ്രശ്നത്തിൽ നടപടിയുണ്ടാകണമെന്ന നാട്ടുകാരുടെ ആവശ്യത്തെ തുടർന്നാണ് വില്ലേജ് അസിസ്റ്റന്റിനെ സസ്പെൻഡ് ചെയ്തത്. ഇന്നു രാവിലെ ഒമ്പതോടെ ചെമ്പനോട വില്ലേജിലെത്തിയ കളക്ടർ ജനപ്രതിനിധികളുമായി ചർച്ച നടത്തിയതിന് ഒടുവിലാണ് നടപടി സ്വീകരിച്ചത്. ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി, കെ. സുനിൽ, ടി. സിദ്ദിഖ്, ജിതേഷ് മുതുകാട്, കെ.എ. ജോസ് കുട്ടി ,ജോ കാഞ്ഞിരക്കാട്ടു തൊട്ടിയിൽ, സെമിലി സുനിൽ, ലൈസാ ജോർജ് തുടങ്ങിയവർ പങ്കെടുത്തു. ഇന്നലെ രാത്രി ഒന്പതോടെയാണ് ചെന്പനോട വില്ലേജ് ഓഫീസിന്റെ ഗ്രില്ലിൽ ജോയിയെ തൂങ്ങിമരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. ഉടൻ പോലീസിനെ വിവരം അറിയിച്ചെങ്കിലും ഇൻക്വസ്റ്റ് നടപടികൾക്കും മറ്റും ഉന്നത ഉദ്യോഗസ്ഥർ എത്തണമെന്ന നിലപാടിലായിരുന്നു നാട്ടുകാർ.
ഭാര്യയുടെ പേരിലുള്ള സ്ഥലത്തിന്റെ നികുതി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്നത്തെ തുടർന്നാണ് ജോയി ജീവനൊടുക്കിയതെന്ന് അയൽവാസികൾ പറഞ്ഞു. നികുതി സ്വീകരിക്കാത്ത വില്ലേജ് ഓഫീസ് നടപടിക്കെതിരെ ജോയിയും ഭാര്യയും ഒരു വർഷം മുന്പ് വില്ലേജ് ഓഫീസിന് മുന്നിൽ സമരം നടത്തിയിരുന്നു. അന്ന് വിഷയം ചർച്ച ആയതോടെ ജനപ്രതിനിധികൾ ഇടപെട്ട് നികുതി സ്വീകരിക്കാമെന്ന നിലപാടിലേക്ക് അധികൃതർ എത്തിയിരുന്നു. എന്നാൽ വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥർ വീണ്ടും ജോയിയെ ഏറെ വട്ടം കറക്കിയതായും അടുത്ത സൂഹൃത്തുക്കൾ പറയുന്നു.
ഞെട്ടിത്തരിച്ച് പേരാമ്പ്ര
പേരാമ്പ്ര: കർഷകൻ വില്ലേജ് ഓഫീസിൽ ജീവനൊടുക്കിയ സംഭവത്തിൽ ഞെട്ടിത്തരിച്ച് പേരാമ്പ്ര മലയോരം. ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിലെ ചെമ്പനോട വില്ലേജ് ഓഫീസിൽ ചെമ്പനോട സ്വദേശി കാവിൽ പുരയിടത്തിൽ ജോയി എന്ന തോമസിനെയാണ് വില്ലേജ് ഓഫീസിന്റെ ഗ്രില്ലിൽ തൂങ്ങി മരിച്ച നിലയിൽ ഇന്നലെ രാത്രി ഒന്പതരയോടെ നാട്ടുകാർ കണ്ടെത്തിയത്. പെരുവണ്ണാമൂഴി പോലീസ് സ്ഥലത്തെത്തിയെങ്കിലും ജഡം അഴിക്കാൻ നാട്ടുകാർ സമ്മതിച്ചില്ല. കളക്ടറോ കൊയിലാണ്ടി തഹസിൽദാരോ എത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നത്.
ഭാര്യയുടെ പേരിലുള്ള സ്ഥലത്തിന്റെ നികുതി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്നം നിലനിന്നിരുന്നു. ഇതിന്റെ പേരിൽ ഒരു വർഷം മുമ്പ് ജോയിയും ഭാര്യയും ചെമ്പനോട വില്ലേജ് ഓഫീസിനു മുമ്പിൽ നിരാഹാര സമരം നടത്തിയിരുന്നു. രാഷ്ട്രീയക്കാരും ജനപ്രതിനിധികളും ഇടപെട്ടതിനെ തുടർന്നു താത്കാലികമായി നികുതി സ്വീകരിക്കാൻ വില്ലേജ് അധികൃതർ തയാറായി.
പ്രശ്നം പൂർണമായി പരിഹരിക്കണമെന്നാവശ്യപ്പെട്ടു ജോയിയും കുടുംബവും പിന്നീട് വില്ലേജ് ഓഫീസിൽ കയറിയിറങ്ങിയെങ്കിലും വില്ലേജ് അധികൃതർ പാടെ അവഗണിക്കുകയായിരുന്നു. മോളിയാണ് ജോയിയുടെ ഭാര്യ. മക്കൾ: അഞ്ചു, അമ്പിളി, അമലു.