സ്വന്തം ലേഖകൻ
കോഴിക്കോട്: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ ചെന്പനോട വില്ലേജ് ഓഫീസ് കെട്ടിടത്തിൽ കർഷകൻ ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിൽ ആരോപണവിധേയരായ ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തേക്കും. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി കേസെടുക്കാനുള്ള നടപടിയാണ് പുരോഗമിക്കുന്നതെന്ന് പേരാന്പ്ര സിഐ പറഞ്ഞു. ഉദ്യോഗസ്ഥർക്കെതിരെ പരാതി ലഭിക്കാത്തതിനാലാണ് ഇതുവരെ കേസെടുക്കാതിരുന്നതെന്നത്. ജോയിയുടെ ആത്മഹത്യാകുറിപ്പും മറ്റും ഇന്ന് പരിശോധിച്ച് ബന്ധുക്കളുടെ മൊഴിയും രേഖപ്പെടുത്തിയ ശേഷം ഇന്ന് കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഉദ്യോഗസ്ഥർക്കെതിരെ പോലീസ് നടപടി എടുക്കാത്തതിൽ പ്രദേശത്ത് പ്രതിഷേധം ശക്തമാകുകയാണ്. നാട്ടുകാരുടെയും ബന്ധുക്കളുടെയും പ്രതിഷേധത്തെ തുടർന്നാണ് ഇന്നലെ രാവിലെ തന്നെ ജില്ലാ കളക്ടർ ചെന്പനോടയിലെത്തി ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാനുള്ള ഉത്തരവിറക്കിയത്.
ചെന്പനോട വില്ലേജ് ഓഫീസർ സി.എ. സണ്ണി, മുൻ വില്ലേജ് അസിസ്റ്റന്റ് സിലീഷ് തോമസ് എന്നിവരേയാണ് സസ്പെൻഡ് ചെയ്തത്. എന്നാൽ ഇവർക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുത്തിരുന്നില്ല. സംഭവത്തിൽ ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് നാട്ടുകാരും ബന്ധുക്കളും ഒരേ സ്വരത്തിൽ പറഞ്ഞിട്ടും പോലീസ് അത്തരം നടപടികൾക്ക് മുതിരാത്തതും പ്രതിഷേധത്തിന് ആക്കം കൂട്ടുന്നുണ്ട്. വില്ലേജ് ഓഫീസിൽ എത്തുന്പോൾ തന്നെ ജോയിയെ ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിക്കുന്നത് നിത്യസംഭവമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പറയുന്നു.
മാത്രവുമല്ല താൻ റവന്യൂ വകുപ്പിൽ ഉള്ളടുത്തോളം കാലം ജോയിയുടെ ഭൂനികുതി സ്വീകരിക്കില്ലെന്ന് സിലീഷ് വെല്ലുവിളി നടത്തിയതായും നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. ഇത്തരത്തിലുള്ള നിരന്തര പീഡനമാണ് ജോയിയെ മരണത്തിലേക്ക് നയിച്ചതെന്ന് ഇന്നലെ തന്നെ നാട്ടുകാരും ബന്ധുക്കളും ഉന്നത ഉദ്യോഗസ്ഥരോടും പോലീസിനോടും പറഞ്ഞിരുന്നു. ആരോപണവിധേയനായ വില്ലേജ് അസിസ്റ്റന്റ് കൈക്കൂലിക്ക് വേണ്ടിയാണ് ജോയിയുടെ കരം സ്വീകരിക്കാതിരുന്നതെന്നും ജനങ്ങൾ ഒരേ സ്വരത്തിൽ പറയുന്നുണ്ട്.
നികുതി സ്വീകരിക്കാത്ത വില്ലേജ് ഓഫീസ് നടപടിക്കെതിരെ ജോയിയും ഭാര്യയും ഒരു വർഷം മുന്പ് വില്ലേജ് ഓഫീസിന് മുന്നിൽ സമരം നടത്തിയിരുന്നു. അന്ന് വിഷയം ചർച്ച ആയതോടെ ജനപ്രതിനിധികൾ ഇടപെട്ട് നികുതി സ്വീകരിക്കാമെന്ന നിലപാടിലേക്ക് അധികൃതർ എത്തിയിരുന്നു. എന്നാൽ വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥർ വീണ്ടും ജോയിയെ ഏറെ വട്ടം കറക്കിയതായും അടുത്ത സൂഹൃത്തുക്കൾ പറയുന്നു. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി.
സിലീഷ് വെല്ലുവിളി നടത്തിയതിനു ശേഷം, ജോയി നിവേദനവുമായി എത്തുന്പോഴെല്ലാം അദ്ദേഹത്തിനെതിരെ കള്ളപരാതികൾ വില്ലേജ് ഓഫീസിലെത്തും. എൺപത് സെന്റ് അടങ്ങുന്ന ഭൂമിക്ക് ആരോ നികുതി അടച്ചിട്ടുണ്ടെന്നും, കുറേ ഭൂമി പുറന്പോക്കായതിനാൽ റവന്യു ഭൂമിയാണെന്നും കാണിച്ച് സിലീഷ് ഫയൽ മടക്കിയതായി ബന്ധുക്കൾ പറയുന്നു.
പുതിയ ആധാരപ്രകാരം ഭൂമിക്ക് പോക്കുവരവ് നടത്തിയില്ലെങ്കിൽ താൻ വില്ലേജ് ഓഫീസിൽ ആത്മഹത്യ ചെയ്യുമെന്നു കാണിച്ച് ജോയി വില്ലേജ് ഓഫീസർക്ക് കത്തു നല്കിയുന്നു. ഇക്കാര്യം അദ്ദേഹം സുഹൃത്തുക്കളോടു പലതവണ പറഞ്ഞിരുന്നു.
ഇതിനുശേഷം, ഭാര്യ മോളി നേരിട്ട് വില്ലേജ് ഓഫീസിലെത്തി ഭർത്താവിന്റെ ആത്മഹത്യാ ഭീഷണിയെക്കുറിച്ച് അധികൃതരെ ധരിപ്പിച്ചു. ഭർത്താവിന്റെ ജീവൻ രക്ഷിക്കണമെന്ന് മോളി കേണപേക്ഷിച്ചപ്പോൾ, ജോയി മുൻപു നൽകിയ ആത്മഹത്യാകുറിപ്പ് എടുത്തുകാണിച്ച് ഉദ്യോഗസ്ഥർ പരിഹസിച്ചതായും ബന്ധുക്കൾ ഓർക്കുന്നു. കഴിഞ്ഞ ദിവസം രാത്രി ഒന്പതോടെയാണ് ചെന്പനോട വില്ലേജ് ഓഫീസിന്റെ ഗ്രില്ലിൽ ജോയിയെ തൂങ്ങിമരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയത്.