കോഴിക്കോട്: വില്ലേജ് അധികൃതരുടെ പീഡനം മൂലം കടക്കെണിയിൽപെട്ട് ചെന്പനോട വില്ലേജ് ഓഫീസിൽ ജീവനൊടുക്കിയ കർഷകൻ കാവിൽപുരയിടം ജോയിയുടെ കുടുംബം ജില്ലാ കളക്ടർ യു.വി.ജോസിനെ കണ്ട് നിവേദനം നൽകി. ജോയിയുടെ ഭാര്യ മോളി, രണ്ടാമത്തെ മകൾ അന്പിളി, ഇളയ മകൾ അമലു, മൂത്തമകൾ അഞ്ജുവിൻറെ ഭർത്താവ് ജോജോ പുതിയേടത്തുചാലിൽ, അന്പിളിയുടെ ഭർത്താവ് ഷിനോയ് കാര്യമറ്റം, ജോയിയുടെ സുഹൃത്തുക്കളായ ഷാജു വിലങ്ങുപാറ,ജോസ് കരിവേലിൽ, കോണ്ഗ്രസ് നേതാവ് ജിതേഷ് മുതുകാട് എന്നിവരടങ്ങുന്ന സംഘം ഇന്നലെ ഉച്ചയോടെയാണ് കളക്ടറേറ്റിലെത്തി നിവേദനം കൈമാറിയത്.
മക്കളുടെ വിദ്യാഭ്യാസ ആവശ്യത്തിന് ജോയിയെടുത്ത 17 ലക്ഷം രൂപയുടെ ബാങ്ക് വായ്പ സർക്കാർ ഏറ്റെടുക്കുക, ഇളയ മകൾ അമലുവിന് സർക്കാർജോലി നൽകുക എന്നീ ആവശ്യങ്ങലായിരുന്നു നിവേദനത്തിൽ. ഇക്കാര്യത്തിൽ തന്നാലാവുന്ന പരമാവധി കാര്യങ്ങൾ ചെയ്യാമെന്ന് കളക്ടർ കുടുംബത്തിന് ഉറപ്പുനൽകി.
കുറച്ചു തെങ്ങും കമുകും മാത്രമാണ് തനിക്കുള്ളതെന്നും കുടംബം പുലരണമെങ്കിൽ ഇളയ മകൾ അമലുവിന് ജോലി ലഭിക്കണമന്നും മോളി കളക്ടറെ ധരിപ്പിച്ചു. മകൾക്ക് ജോലിയില്ലാതെ ഒരുവിധത്തിലും കുടുംബം മുന്നോട്ടുപോകില്ല വിതുന്പലോടെ മോളി പറഞ്ഞു.
ജേണലിസം കോഴ്സ് കഴിഞ്ഞ് എംഎസ്ഡബ്ല്യുവിന് പഠിക്കുന്ന അമലുവിൻറെ വിവരങ്ങൾ കളക്ടർ ചോദിച്ചറിഞ്ഞു. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗം ഈ വിഷയം ചർച്ചചെയ്തിട്ടുണ്ടെന്നും സർക്കാർ ആവശ്യപ്പെട്ടതനുസരിച്ച് വിശദമായ റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്നും കളക്ടർ കുടുംബത്തെ ആശ്വസിപ്പിച്ചു.
നിവേദനത്തിലെ ആവശ്യങ്ങൾ ജോയിയുടെ കുടുംബം നേരത്തെ കളക്ടറെ നേരിൽ അറിയിച്ചിരുന്നു. ഇക്കാര്യം രേഖാമൂലം നൽകണമെന്ന കളക്ടറുടെ നിർദേശത്തെ തുടർന്നാണ് കുടുംബാംഗങ്ങൾ ചെന്പനോടയിൽ നിന്നെത്തിയത്. കളക്ടർ സർക്കാരിന് സമർപ്പിക്കുന്ന റിപ്പോർട്ടിനൊപ്പം കുടുംബത്തിൻറെ നിവേദനവും ഉണ്ടാകും.
പിതൃസ്വത്തായി കിട്ടിയ ഭൂമിയുടെ നികുതി സ്വീകരിക്കാതെ അധികൃതർ നിരന്തരം പീഡിപ്പിച്ച മനോവിഷമത്തിൽ കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് ജോയി ചെന്പനോട വില്ലേജ് ഓഫീസിൽ ജീവനൊടുക്കിയത്. ജോയിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായ ചെന്പനോടയിലെ മുൻ വില്ലേജ് അസിസിറ്റൻഡ് സിലീഷ് തോമസ് ഇപ്പോൾ റിമാൻഡിലാണ്.