പേരാമ്പ്ര: ചെമ്പനോട വില്ലേജോഫീസിൽ ജീവനൊടുക്കിയ കാവിൽ പുരയിടത്തിൽ ജോയിയുടെ കുടുംബത്തോട് കരുണ കാട്ടാതെ സംസ്ഥാന സർക്കാർ. ജോയിയുടെ മരണശേഷം നടന്ന രണ്ടാമത്തെ മന്ത്രിസഭാ യോഗം ബുധനാഴ്ചയായിരുന്നു. അതിനു മുമ്പ് സഹായം അഭ്യർത്ഥിച്ചു ജോയിയുടെ ഭാര്യയും മക്കളും കഴിഞ്ഞ ദിവസം കോഴിക്കോട് കളക്ടറെ കണ്ടിരുന്നു.
കുടുംബത്തിനു മതിയായ സഹായവും സംരംക്ഷണവും ലഭ്യമാക്കാനായി സർക്കാരിനു റിപ്പോർട്ട് നൽകുമെന്ന് അദ്ദേഹം കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു. കുടുംബത്തിന്റെ കടങ്ങൾ എഴുതി തള്ളണം, ധനസഹായം അനുവദിക്കുക, മക്കളിലൊരാൾക്കു ജോലി നൽകുക തുടങ്ങിയ ആവശ്യങ്ങളായിരുന്നു ജോയിയുടെ കുടുംബം ഉന്നയിച്ചിരുന്നത്. പക്ഷെ സർക്കാർ ഭാഗത്തു നിന്നും യാതൊരു നടപടിയുമുണ്ടായിട്ടില്ല. ജോയി മരണത്തിന് പിറ്റേന്ന് കോഴിക്കോട്ടുണ്ടായിരുന്ന മന്ത്രി എം.എം.മണി ഒഴികെ മറ്റാരു മന്ത്രിയും ജോയിയുടെ കുടുംബത്തെ സന്ദർശിച്ചിട്ടില്ല.
പോലീസും വിജിലൻസും റവന്യു സ്ക്വാഡുമൊക്കെ ജോയിയുടെ മരണകാരണം അന്വേഷിച്ച് രംഗത്തുണ്ട്. 80 സെന്റ് സ്ഥലത്തിന്റ് നികുതി സ്വീകരികരിക്കാനായി ചെമ്പനോട വില്ലേജ് ഓഫീസിനു മുമ്പിൽ ജീവൻ ബലിയർപ്പിച്ച കർഷകന്റെ കുടുംബം ജീവിതമാർഗത്തിനു ഇനി എന്താണ് ചെയ്യേണ്ടതെന്ന ചോദ്യം ഉയർന്നു വരികയാണ്. സർക്കാരിന്റെ കരുണ ലഭിക്കാനായി കോഴിക്കോട് കളക്ടറേറ്റിനു മുമ്പിൽ മരണം വരെയുള്ള നിരാഹാര സമരത്തിനായുള്ള തയ്യാറെടുപ്പിലാണ് നിരാലബരായ കുടുംബം.