ഫെമിനിച്ചി എന്ന പ്രയോഗം മലയാളിയുടെ ഇടുങ്ങിയ ചിന്താഗതിയില്‍ നിന്ന് രൂപംകൊണ്ടതാണ്! ഞാന്‍ ഫെമിനിച്ചികള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നയാളാണ്; നയം വ്യക്തമാക്കി നടന്‍ ജോയ് മാത്യു

ഫെമിനിസ്റ്റുകളെ ഉയര്‍ത്തി കെട്ടിയ മുടിയുടെയും മൂക്കുത്തിയുടെയും വട്ടപ്പൊട്ടിന്റെയും പേരില്‍ ഫെമിനിച്ചികള്‍ എന്ന പ്രയോഗം നടത്തി അപമാനിക്കുവാന്‍ ശ്രമിക്കുന്നത് ശരിയായ പ്രവണതയല്ലെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. തിരുവനന്തപുരത്ത് ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് ജോയ് മാത്യു ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. താന്‍ ഫെമിനിച്ചികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നയാളാണെന്നും ഫെമിനിച്ചി എന്ന പ്രയോഗം തന്നെ മലയാളിയുടെ ഇടുങ്ങിയ ചിന്താഗതിയില്‍ നിന്ന് രൂപംകൊണ്ടതാണെന്നും ജോയ് മാത്യു പറഞ്ഞു. ആ ചിന്താഗതി മാറണം. ഫെമിനിച്ചികള്‍ എന്നു വിളിക്കുന്നവരെ തിരിച്ച് എന്തു വിളിക്കണം എന്നറിയില്ല.

സഭ്യമായ ഭാഷയില്‍ ഒന്നും അവരെക്കുറിച്ച് പറയാനാവില്ല എന്നതാണ് കാരണം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നമ്മുടെ സമൂഹത്തില്‍ സാഹിത്യം ഒരനാവശ്യമാണെന്നാണ് തനിക്ക് തോന്നുന്നതെന്നും കാരണം, ഇത്രയും കൊല്ലത്തെ സാഹിത്യം കൊണ്ട് നമ്മുടെ സമൂഹത്തില്‍ മുമ്പുണ്ടായിരുന്നതിനേക്കാള്‍ ജാതി ചിന്തകളും വര്‍ഗീയ ചിന്തകളും പ്രണയവിരോധികളും ചുംബനവിരോധികളും ലൈംഗികവിരോധികളും കൂടുകയല്ലാതെ കുറയുന്നില്ലല്ലോയെന്നും ജോയ് മാത്യു ചോദിച്ചു. അവാര്‍ഡുകള്‍ വാങ്ങിക്കൂട്ടുക എന്നതും സംഗീത നാടക അക്കാദമിയിലും മറ്റും അംഗത്വം ലഭിക്കുന്നതിനായി പ്രയത്നിക്കുക എന്നതിനും അപ്പുറം നമ്മുടെ സാഹിത്യകാര്‍ക്ക് മറ്റൊന്നും ചെയ്യാനില്ലാതായിരിക്കുന്നു. പുതിയ തലമുറയില്‍ മാത്രമാണ് എന്റെ പ്രതീക്ഷ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related posts