ഒരേ സ്‌റ്റേജില്‍ പരസ്പരം വിമര്‍ശിച്ച് മന്ത്രി എകെ ബാലനും നടനും സംവിധായകനുമായ ജോയ് മാത്യുവും. സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരവിതരണ ചടങ്ങില്‍ പ്രശസ്ത നടി നടന്മാര്‍ പങ്കെടുക്കാത്തതിനെ രൂക്ഷമായി വിമര്‍ശിച്ച സാംസ്‌കാരിക മന്ത്രി എ.കെ. ബാലന് അതേ സ്‌റ്റേജില്‍ വച്ചുതന്നെ ജോയ് മാത്യു മറുപടി നല്‍കിയതോടെയാണ് ഇത് വാര്‍ത്തയായത്.
മികച്ച നടനുള്ള പുരസ്‌കാരം വിനായകന് നല്‍കിയതിനാലാണ് ചില പ്രമുഖ നടീനടന്മാര്‍ അവാര്‍ഡ് ദാന ചടങ്ങില്‍നിന്നും വിട്ടുനിന്നതെന്നായിരുന്നു മന്ത്രിയുടെ വിമര്‍ശനം. ചൊവ്വാഴ്ച പാലക്കാട് ചിറ്റൂരില്‍ കൈരളി, ശ്രീ തീയറ്റര്‍ സമുച്ചയത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെയായാരുന്നു മന്ത്രിയുടെ പ്രസ്താവന. എന്നാല്‍ മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ചടങ്ങില്‍ പങ്കെടുത്ത നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്തെത്തി.
അവാര്‍ഡ് ദാന ചടങ്ങിലേക്ക് വിളിക്കാത്തതിനാലാണ് പരിപാടിയില്‍ പങ്കെടുക്കാതിരുന്നതെന്ന് ജോയ് മാത്യു വ്യക്തമാക്കി. പ്രമുഖ നടന്മാര്‍ ചടങ്ങില്‍ പങ്കെടുക്കാത്തതിനെ കുറിച്ച് നടന്മാരായ പാര്‍ട്ടി എംപിയോടും എംഎല്‍എയോടും ചോദിക്കണമെന്നും അദ്ദേഹം മന്ത്രിയോട് ആവശ്യപ്പെട്ടു.
വിഷയം വിവാദമായതോടെ കൂടുതല്‍ വിശദീകരണവുമായി മന്ത്രി വീണ്ടും രംഗത്തെത്തി. ജോയ് മാത്യുവിനെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ലെന്നും ക്ഷണിച്ചിട്ടും പങ്കെടുക്കാത്തവരെ കുറിച്ചാണ് താന്‍ പറഞ്ഞതെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം. പ്രമുഖതാരങ്ങള്‍ ചടങ്ങില്‍ നിന്ന് വിട്ടുനിന്നതിനെ മുമ്പ് പുരസ്‌കാരദാന ചടങ്ങില്‍വെച്ച് തന്നെ മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു.
അഭിനേതാക്കളുടെ സംഘടനയുടെ പ്രസിഡന്റും ഇടത് എം.പി.യുമായ ഇന്നസെന്റ്, സംഘടനയുടെ വൈസ് പ്രസിഡന്റും ഇടത് എം.എല്‍.എ.യുമായ കെ.ബി. ഗണേഷ്‌കുമാര്‍, നാട്ടുകാരന്‍കൂടിയായ ശ്രീനിവാസന്‍, മധു, ഷീല, കവിയൂര്‍ പൊന്നമ്മ തുടങ്ങി ക്ഷണിക്കപ്പെട്ട താരങ്ങളില്‍ പലരും പരിപാടിക്കെത്തിയിരുന്നില്ല. ഇതിനെയാണ് മുഖ്യമന്ത്രി വിമര്‍ശിച്ചത്.