സ്റ്റാൻ സ്വാമി എന്ന ജെസ്യുട്ട് പുരോഹിതന്റെ വെല്ലുവിളി ഇനിയില്ലെന്ന് നടൻ ജോയി മാത്യു. മനുഷ്യാവകാശത്തെ ഐസിയുവിൽപ്പോലും ചങ്ങലക്കിടേണ്ടി വന്ന ജനാധിപത്യത്തിന്റെ പേരോ ഇന്ത്യയെന്നും സോഷ്യൽ മീഡിയയിലൂടെ ജോയി മാത്യൂ ചോദിക്കുന്നു.
സ്റ്റാൻ സ്വാമി എന്ന ജെസ്യുട്ട് പുരോഹിതന്റെ വെല്ലുവിളി ഇനിയില്ല. നിരന്തരമായ പീഡനങ്ങൾക്കും, മനുഷ്യാവകാശലംഘനങ്ങൾക്കും, ജയിൽ വാസത്തിനും അവസാനമായി ആരുടെ ദയക്കും ജാമ്യത്തിനും കാത്തുനിൽക്കാതെ എൺപത്തിനാലുകാരനായ അദ്ദേഹം ഈ ലോകം വിട്ടുപോയിരിക്കുന്നു.
മനുഷ്യാവകാശത്തെ ഐസിയുവിൽപ്പോലും ചങ്ങലക്കിടേണ്ടി വന്ന ജനാധിപത്യത്തിന്റെ പേരോ ഇന്ത്യ ? സ്റ്റാൻ സാമിക്ക് അഭിവാദ്യങ്ങൾ.
ഇന്ന് ഉച്ചയോടെയാണ് ഈശോ സഭാ വൈദികൻ ഫാ. സ്റ്റാൻ സ്വാമിയുടെ മരണം സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ ജാമ്യഹർജി പരിഗണിക്കുന്നതിനിടെയാണ് അഭിഭാഷകൻ മരണവിവരം കോടതിയെ അറിയിച്ചത്.
എൽഗാർ പരിഷത്തുമായി ബന്ധമുണ്ടെന്ന് ആരോപണത്തെത്തുടർന്നാണ് അറസ്റ്റിലായ ജസ്യൂട്ട് വൈദികനും മനുഷ്യാവകാശ പ്രവർത്തകനുമായ ഫാ. സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്തത്.
പാർക്കിൻസൺസ് രോഗത്തിന്റെ പിടിയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില പരിഗണിക്കാതെയായിരുന്നു അറസ്റ്റ്. 2020 ഒക്ടോബർ മുതൽ തടവിൽ കഴിയേണ്ടി വന്നതോടെ ആരോഗ്യസ്ഥിതി കൂടുതൽ മോശമായി.