ഇടതുപക്ഷ സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി ജോയ് മാത്യു. പ്രതിപക്ഷ നേതാവെന്ന നിലയില്‍ രമേശ് ചെന്നിത്തലയുടെ പ്രവര്‍ത്തനം മികച്ചതായിരുന്നുവെന്നും സിനിമയ്ക്കു സമാനമായി സൂപ്പര്‍താര പരിവേഷം ചില രാഷ്ട്രീയ നേതാക്കള്‍ക്ക് ചാര്‍ത്തി നല്‍കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് ജോയ് മാത്യു ഇക്കാര്യം പറഞ്ഞത്.
ചെന്നിത്തലയുടെ പ്രവര്‍ത്തനങ്ങളെ കേരളത്തിലെ ഒട്ടുമിക്ക മാധ്യമങ്ങളും അവഗണിക്കാന്‍ കാരണം ഇന്ന് കേരളത്തിലുള്ള ഒട്ടെല്ലാ മാധ്യമപ്രവര്‍ത്തകരും കമ്യൂണിസ്റ്റ് യുവജന സംഘടനകളുടെ മുന്പ്രവര്ത്തകരായതിനാലാണെന്നും ജോയ് മാത്യു പറഞ്ഞു.
സിപിഎമ്മിലോ സിപിഐയിലോ അംഗത്വമെടുത്തതു കൊണ്ടു മാത്രം ആരും ഇടതു പക്ഷമാവുന്നില്ലെന്നും. തന്റെ അഭിപ്രായത്തില്‍ മനുഷ്യനന്മ ലാക്കാക്കി ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഇടതുപക്ഷമെന്നും അദ്ദേഹം വ്യക്തമാക്കി.
പുരോഗമനപരമായ ആശയങ്ങളെ സമൂഹത്തില്‍ അവതരിപ്പിക്കുന്നവരാണ് ഇടതുപക്ഷമെന്നും നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഈ ദൗത്യം ഏറ്റെടുക്കുന്നില്ലെന്നും അതിനാല്‍ ഇടതുപക്ഷം എന്ന സംജ്ഞ തന്നെ റദ്ദ് ചെയ്യപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടതുപക്ഷ ബുദ്ധിജീവികള്‍ എന്ന പ്രയോഗത്തെയും താന്‍ തള്ളിക്കളയുന്നതായി ജോയ് മാത്യു പറഞ്ഞു.
എല്‍ഡിഎഫോ യുഡിഎഫോ ബിജെപിയോ അല്ലാതെ ഒരാള്‍ക്ക് ഇവിടെ ജീവിക്കാന്‍ സ്പേസ് ഇല്ലേയെന്നും ജോയ് മാത്യു ചോദിക്കുന്നു.
ഏതെങ്കിലും പാര്‍ട്ടിയുടെ ഭാഗമായല്ലാതെ ഒരാള്‍ക്ക് ഇവിടെ പൊതുവിഷയങ്ങളില്‍ ഇടപെടാന്‍ പറ്റില്ലെന്നാണ് പലരും പറയുന്നതെന്നും എന്നാല്‍ തനിക്കങ്ങനെ തോന്നിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.