ചാരുംമൂട് : ഇരുപത്തിയഞ്ച് വർഷത്തിലേറെയായി നൂറനാട് പാറ്റൂർ ജംഗ്ഷനിൽ സ്റ്റേഷനറി കട നടത്തിവന്ന നൂറനാട് പാറ്റൂർ പഴഞ്ഞൂർക്കോണം ഇഞ്ചക്കലോടിയിൽ ജോയിക്കുട്ടി അച്ചായന്റെയും (ഇ കെ തോമസ് – 56) മകൾ ജോസി തോമസ് (22)ന്റെയും അപ്രതീക്ഷിത വേർപാട് പാറ്റൂർ ഗ്രാമത്തെ കണ്ണീരിലാഴ്ത്തി.
ഒരു സ്റ്റേഷനറി വ്യാപാരി എന്നതിനേക്കാൾ നാടിന് ഏറെ പ്രിയപ്പെട്ട വ്യക്തിയായിരുന്നു ജോയിക്കുട്ടി അച്ചായൻ. ആദ്യം പെട്ടിഓട്ടോറിക്ഷ ഡ്രൈവറായിരുന്ന അച്ചായൻ പിന്നീട് സ്റ്റേഷനറി കട തുടങ്ങുകയായിരുന്നു. ബേക്കറി-പലചരക്ക് സാധനങ്ങൾ ഉൾപ്പെടെ ഉപ്പ് തൊട്ട് കർപ്പൂരം വരെ അച്ചായന്റെ കടയിൽ നിന്നും വാങ്ങാൻ കിട്ടുമായിരുന്നതിനാൽ നാട്ടുകാർക്ക് വേർപാട് വലിയ നൊമ്പരമായി.
ജോയിക്കുട്ടിയും മകളും സഞ്ചരിച്ച ബൈക്കിൽ മിനി ടാങ്കർ ലോറി നിയന്ത്രണം വിട്ട് ഇടിക്കുകയും ഇരുവരും തത്ക്ഷണം മരണപ്പെടുകയുമായിരുന്നു. നൂറനാട് പാറ- ഇടപ്പോൺ റോഡിൽ ആത്മാവ് മുക്കിൽ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു നാടിനെ ആകെ കണ്ണീരിലാഴ്ത്തിയ അപകടം നടന്നത് .
ഡിഗ്രി പഠനം പൂർത്തിയാക്കിയ ജോസിയുടെ ഉപരിപഠനത്തിനു വേണ്ടി വരുമാന സർട്ടിഫിക്കറ്റ് ആവശ്യത്തിന് നൂറനാട് വില്ലേജ് ഓഫീസിലേക്ക് ഇരുവരും ബൈക്കിൽ പോകുമ്പോഴായിരുന്നു അപകടം. ബിഎസ്സി ഫിസിക്സ് ബിരുദം എടുത്ത ജോസി തോമസ് കണ്ണൂർ എംജിഎം കോളജ് ഓഫ് ഫാർമസിയിൽ ഡി .ഫാം കോഴ്സിന് കഴിഞ്ഞ ദിവസമാണ് അഡ്മിഷൻ എടുത്തത്.
കോവിഡ് പരിശോധന പൂർത്തിയാക്കിയ ശേഷം പാറ്റൂർ ഇമ്മാനുവേൽ മാർത്തോമ ചർച്ച് സെമിത്തേരിയിൽ ഇരുവരുടെയും സംസ്കാരം പിന്നീട് നടക്കും. അപകടത്തിനിടയാക്കിയ മിനി ടാങ്കർ ലോറിയുടെ ഡ്രൈവർ പന്തളം കുളനട പ്രവീൺ ഭവനത്തിൽ പ്രവീണിനെ നൂറനാട് പോലീസ് കസ്റ്റഡിയിൽ എടുത്തു. ജോയിക്കുട്ടിയുടെ ഭാര്യ: ശാന്തമ്മ. മറ്റൊരു മകൻ: ജോസൻ.