മുക്കം: നിയമപാലനം മാത്രമല്ല കാർഷികപരിപാലനവും തനിക്ക് വഴങ്ങുമെന്ന് തെളിയിക്കുകയാണ് മുക്കം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ജോയ് പുളിക്കൽ. നിയമ ലംഘനങ്ങൾക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുന്ന ഇദ്ദേഹം കൃഷിയിൽ അവലംബിക്കുന്ന ജൈവരീതിയിലും അണുവിട തെറ്റാൻ ഒരുക്കമല്ല.
പുളിക്കൽ മത്തായി -ത്രേസ്യ ദമ്പതികളുടെ എട്ടു മക്കളിൽ ഇളയവനാണു ജോയ് . ചെറുപ്രായത്തിൽ തന്നെ കൃഷിയിൽ തത്പരനായിരുന്നു. അത്രയൊന്നും സാമ്പത്തിക ശേഷിയില്ലാത്ത കുടുംബത്തിൽ ജനിച്ച ഇദ്ദേഹം പഠന കാലത്ത് തന്നെ പിതാവിനൊപ്പം ചെറിയ കൃഷിപ്പണികൾക്കു പോയിരുന്നു. ഈ വരുമാനമാണ് പുസ്തകങ്ങളും മറ്റും വാങ്ങുന്നതിന് ഉപയോഗിച്ചത്.
ചെറുപ്പത്തിലെ താത്പര്യം പോലീസിൽ ചേർന്നപ്പോഴും മാറ്റിവച്ചില്ല. ഇപ്പോഴും സ്റ്റേഷനിലേക്ക് പോവുന്നതിന് മുൻപ് അഞ്ച് കിലോമീറ്റർ ദൂരത്തുള്ള കൃഷിയിടത്തിൽ ജോയിയെത്തും. പുലർച്ചെ അഞ്ചിന് തുടങ്ങുന്ന കൃഷി പരിപാലനം ഏഴ് വരെ തുടരും. രണ്ട് ഇടങ്ങളിലായി ആറ് ഏക്കർ സ്ഥലത്ത് ജാതി, കൊക്കോ, എണ്ണപ്പന, മാവ്, കൊടംപുളി, തെങ്ങ്, കവുങ്ങ്, കാപ്പി, എന്നിവ സമൃദ്ധമായി വളരുന്നു.
അധ്വാനിക്കാൻ മനസുണ്ടെങ്കിൽ കൃഷി ലാഭകരമാണെന്നാണ് ഇദ്ദേഹം പറയുന്നത്. എല്ലാ കർഷകരെയും പോലെ രോഗബാധ തന്നെയാണ് പ്രധാന വില്ലനെന്നും ഇദ്ദേഹം പറയുന്നു. ഭാര്യ ബീന, മക്കളായ ഡിൽന, ഡിലീന എന്നിവരും കൃഷിയിൽ ജോയിക്കു പിന്തുണയായുണ്ട്.