അങ്കമാലി: ഷട്ടിൽ ബാഡ്മിന്റൺ കേരള ടീമിന്റെ മുൻ ക്യാപ്റ്റൻ കുത്തേറ്റുമരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തിനെ കസ്റ്റഡിയിലെടുത്തു. ആയത്തുപടി ചുള്ളി വീട്ടിൽ ജോസിന്റെ മകൻ ജോയൽ (22) ആണ് കുത്തേറ്റു മരിച്ചത്. പ്രതിയായ ഇടുക്കി കുളമാവ് തെക്കേകളത്തിങ്കൽ വീട്ടിൽ ഗബ്രിയേലിന്റെ മകൻ ഷാജു (52)നെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:
അങ്കമാലി ടെൽക്കിനു സമീപത്തെ കെഎസ്ഇബി ഗോഡൗണിലെ താൽക്കാലിക ജീവനക്കാരാണിരുവരും. ചമ്പന്നൂരിൽ വാടകയ്ക്കു താമസിച്ചു വരികയാണ് ഷാജു. ജോയലിനെ കളിയാക്കി ഷാജു മറ്റു സുഹൃത്തുക്കളോടു സംസാരിച്ചിരുന്നു.
ഇത് ചോദിക്കുന്നതിനായി ഇന്നലെ രാത്രി ഒൻപതോടെ ജോയൽ ഷാജുവിന്റെ വാടക വീട്ടിലെത്തി. തുടർന്നുണ്ടായ വാക്കുതർക്കം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു. നെഞ്ചിലും പുറത്തും കുത്തേറ്റ ജോയൽ വീട്ടുമുറ്റത്തു വച്ചുതന്നെ മരിച്ചു. ഓടിക്കൂടിയ നാട്ടുകാർ പ്രതിയെ പിടികൂടി പോലീസിൽ ഏൽപിക്കുകയായിരുന്നു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കുവിട്ടുകൊടുക്കും. അമ്മ മിനി.ജെയ്മിൻ ,മരിയ എന്നിവർ സഹോദരങ്ങളാണ്. സംസ്കാരം നാളെ രാവിലെ പത്തിന് ആയത്തുപടി നിത്യസഹായ മാതാവിന്റെ ദേവാലയത്തിൽ.