പത്തനംതിട്ട: ജില്ലയില്‍ നടന്ന നിരവധി കൊലപാതകങ്ങളിലും ദുരൂഹമരണങ്ങളിലും സിപിഎം നേതാക്കള്‍ക്കുള്ള പങ്കിനെ സംബന്ധിച്ച് അന്വേഷണം വേണമെന്നാവശ്യവുമായി കോണ്‍ഗ്രസ് പ്രക്ഷോഭത്തില്‍. ആവശ്യമുന്നയിച്ച് 19ന് പത്തനംതിട്ട എസ്പി ഓഫീസിലേക്ക് ഡിസിസി മാര്‍ച്ച് നടത്തും.
അടൂരില്‍ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി ജോയലിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് മാതാപിതാക്കള്‍ സിപിഎമ്മിനെതിരേ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങളുടെ നിജസ്ഥിതി വെളിച്ചത്തുകൊണ്ടുവരേണ്ടതുണ്ടെന്നും ഇതേ ആവശ്യമുന്നയിച്ച് ശക്തമായ സമരപരിപാടികള്‍ നടത്തുമെന്നും ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് അറിയിച്ചു.
ഇന്നു രാവിലെ അടൂര്‍ ഡിവൈഎസ്പി ഓഫീസിലേക്കു മാര്‍ച്ച് നടത്തി. ജോയലിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സത്യസന്ധമായ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കു കത്ത് നല്‍കിയതായും അദ്ദേഹം പറഞ്ഞു.
അടൂര്‍ പറക്കോട്ട് ഉത്ര കൊലക്കേസിലെ പ്രധാന പ്രതിക്കുള്ള സിപിഎം ബന്ധം മറനീക്കി പുറത്തുവന്നിരുന്നു. ഈ കേസിലും പ്രതിക്കു സംരക്ഷണം ലഭിക്കത്തക്ക രീതിയില്‍ പാര്‍ട്ടി തലത്തില്‍ ഇടപെടലുകളുണ്ടായെന്ന് ഡിസിസി കുറ്റപ്പെടുത്തി. സീതത്തോട്ടില്‍ രേഷ്മയുടെ മരണത്തിലും സിപിഎം നേതാക്കള്‍ ആരോപണം നേരിടുന്നു.
ഇത്തരം കേസുകള്‍ അട്ടിമറിക്കാനുള്ള സിപിഎം ഇടപെടലുകളില്‍ പ്രതിഷേധിച്ചും നീതിയുക്തമായ അന്വേഷണം ആവശ്യപ്പെട്ടും 19നു ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിലേക്കും മാര്‍ച്ച് നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.