മങ്കൊന്പ്: തോമസ് ചാണ്ടിയുടെ മരണവാർത്തയറിഞ്ഞതിന്റെ ഞെട്ടലിൽനിന്ന് ഇനിയും മോചിതനായിട്ടില്ല ചേന്നങ്കരി വടകര വീട്ടിൽ വി.ടി തോമസെന്ന ജോയിച്ചൻ. മരണവാർത്ത അറിഞ്ഞപ്പോൾ തന്നെ വെട്ടിക്കാടു വീട്ടിലെത്തിയ അദ്ദേഹം ഒരു സഹോദരനെപ്പോലെ വേണ്ട ക്രമീകരണങ്ങൾ ഒരുക്കുന്നു.
തോമസ് ചാണ്ടിയും ജോയിച്ചനും തമ്മിലുള്ള ബന്ധത്തിനു പ്രായത്തിന്റെ തന്നെ പഴക്കമുണ്ട്. ഇരുവരും ചെറുപ്പം മുതൽ ഒന്നിച്ചു കളിച്ചു വളർന്നവർ. അഞ്ചാം ക്ലാസ് മുതൽ ഹൈസ്കൂൾ വരെ ഒന്നിച്ചു പഠിച്ചവർ, ചെറുപ്പത്തിലെ എന്തു കുസൃതിത്തരങ്ങൾ കാണിക്കാനും കുഞ്ഞുമോനെന്നു വിളിക്കുന്ന തോമസ് ചാണ്ടി ഒപ്പമുണ്ടായിരുന്നു.
നാലാം ക്ലാസ് മുതൽ ചേന്നങ്കരി ദേവമാതായിലും, ഹൈസ്കൂൾ വിദ്യാഭ്യാസം ആലപ്പുഴ ലിയോ തേർട്ടീന്തിലും ഇരുവരും ഒരുമിച്ചാണ് പഠിച്ചതും. പഠനശേഷവും ഇരുവരും തമ്മിലുള്ള ബന്ധം മുറിയാതെ സൂക്ഷിച്ചു. 1974 ലാണ് കുഞ്ഞുമോൻ കുവൈറ്റിലേക്കു പോയതെന്നു ജോയിച്ചൻ ഓർക്കുന്നു.
വിവാഹവും കുവൈറ്റിലേക്കു പോയതും ഒരേവർഷം തന്നെയായിരുന്നു. പിന്നീട് വൻ വ്യവസായിയായും നാടുഭരിക്കുന്ന മന്ത്രിയായും നാട്ടിലെത്തിയപ്പോഴും ജോയിച്ചനോടുള്ള ബന്ധത്തിൽ കലർപ്പുണ്ടായില്ല. അദ്ദേഹം വീട്ടിലുള്ള ദിവസങ്ങളിൽ കുട്ടനാടിന്റെ വിവിധ പ്രദേശങ്ങളിൽനിന്നായി ദിവസവും നിരവധി സന്ദർശകരുണ്ടാകും. എന്നാൽ, നിനക്ക് എന്നെ കാണെണമെങ്കിൽ കാത്തു നിൽക്കാതെ നേരിട്ടു കയറിപ്പോരണം എന്നാണ് കുഞ്ഞുമോൻ പറഞ്ഞിരുന്നത്.
കുടുംബത്തിൽ എന്തെങ്കിലും ചടങ്ങുകൾ നടക്കുന്പോൾ നാട്ടിൽ ആദ്യം വിളിക്കുക തന്നെയായിരിക്കുമെന്നു ജോയിച്ചൻ പറയുന്നു. മറ്റെവിടെയെങ്കിലും സ്ഥലത്താണു പരിപാടി നടക്കുന്നതെങ്കിൽ അവനെക്കൂടെ കൊണ്ടുപോരണമെന്നു വീട്ടുകാരോടു പറഞ്ഞേൽപ്പിക്കുമായിരുന്നു. എംഎൽഎയും മന്ത്രിയുമൊക്കെ ആയതോടെ നാട്ടുകാർ ശിപാർശയ്ക്കായി ജോയിച്ചനെയും തേടിയെത്തിയിരുന്നു. മൂന്നു മാസം മുന്പ് അവസാനമായി കാണുന്നതും ഇത്തരമൊരു ആവശ്യത്തിനായിട്ടായിരുന്നു.
ഇളയ സഹോദരപുത്രിയുടെ വിവാഹ നിശ്ചയച്ചടങ്ങിൽ പങ്കെടുക്കാനാണ് അദ്ദേഹം വീട്ടിലെത്തിയത്. തന്റെ വീടിനു സമീപത്തെ തകർന്നുകിടക്കുന്ന വഴി നന്നാക്കാൻ എംഎൽഎയോടു പറയണമെന്ന് അയൽവാസികൾ ചിലർ ആവശ്യപ്പെട്ടു. നേരിൽ കണ്ടപ്പോഴെ ചോദിച്ചു എന്തോ ആവശ്യമുണ്ടല്ലോയെന്ന്.
ആവശ്യം പറഞ്ഞയുടൻ അതിനെന്താ എംഎൽഎ ഫണ്ടിൽ ലക്ഷക്കണക്കിനു രൂപയുണ്ടല്ലോ എന്നു പറഞ്ഞു. അതുപോരാ ഒരു വള്ളം മണ്ണിനുള്ള പണം ഇപ്പോൾ വേണമെന്നു പറഞ്ഞപ്പോൾ ഓഫീസിൽനിന്നു വാങ്ങിക്കൊള്ളാനും പറഞ്ഞു.
ഈ മാസം 31ന് നടക്കാനിരുന്ന സഹോദരപുത്രിയുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തുന്പോൾ വീണ്ടും കാണാമെന്നു പ്രതീക്ഷിയിലിരിക്കുന്പോഴാണ് ഒരിക്കലും കേൾക്കാനാഗ്രഹിക്കാത്ത വാർത്തയെത്തിയത്.
ജോമോൻ കാവാലം