പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: ആരും നടുങ്ങിപോകുന്ന നിമിഷം… പ്ലാറ്റ്ഫോമിൽ തീവണ്ടി കാത്തു നിന്ന ജോയിയുടെ തലച്ചോറിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞു…ആ സ്ത്രീയെ രക്ഷിക്കണം.
വേഗം കുറച്ച് പ്ലാറ്റ്ഫോമിലേയ്ക്ക് അടുക്കുകയായിരുന്ന തീവണ്ടിയുടെ വാതിലിൽ കുടുങ്ങി തൂങ്ങിയാടുന്ന സ്ത്രീയുടെ ദൃശ്യമാണ് പ്ലാറ്റ്ഫോമിൽ നിന്ന യാത്രികരിൽ നടുക്കമുണ്ടാക്കിയത്.
തീവണ്ടി നില്ക്കും മുമ്പേ ഒരു സ്ത്രീ ഇറങ്ങാൻ ശ്രമിച്ചു. പ്ലാറ്റ്ഫോമിൽ കാൽ എത്തിയില്ല. അവർ വാതിലിന്റെ കമ്പിയിൽ തൂങ്ങികിടന്നു.
കാൽ പ്ലാറ്റ് ഫോമിനും തീവണ്ടിയ്ക്കുമിടയിൽ . ഓടി കൊണ്ടിരിക്കുന്ന തീവണ്ടിയുടെ കമ്പിയിൽ നിന്നും പിടിവിട്ട് അവർ പ്ലാറ്റ്ഫോമിലേയ്ക്ക് കമിഴ്ന്നു വീണു.
കാലുകൾ പ്ലാറ്റ് ഫോമിനും തീവണ്ടിയ്ക്കുമിടയിൽ. വീഴ്ചയുടെ ആഘാതത്തിലും നൊമ്പരങ്ങളിലും പെട്ട അവർ ഉരുളാൻ തുടങ്ങി.
ഏത് നിമിഷവും അവർ പ്ലാറ്റ് ഫോമിൽ നിന്നും ഉരുണ്ട് തീവണ്ടിക്കടിയിൽപ്പെടാം. യാത്രക്കാരനായ ജോയിയ്ക്ക് അത് കണ്ടു നില്ക്കാൻ കഴിഞ്ഞില്ല. എങ്ങനെയും ജീവൻ രക്ഷിക്കുക.
ജോയി ആ സ്ത്രീയ്ക്ക് അടുത്തേയ്ക്ക് പാഞ്ഞെത്തി. കമിഴ്ന്ന് കിടന്ന് അവരെ ഉരുണ്ട് നീങ്ങാതെ സംരക്ഷിച്ചു.
ഇതിനിടയിൽ തീവണ്ടിയുടെ പടി തട്ടി അവരുടെ കാലുകൾ തീവണ്ടിയ്ക്ക് ഇടയിൽ നിന്നും പ്ലാറ്റ് ഫോമിലെത്തി.
ജോയി അവരെ തീവണ്ടിയ്ക്കടിയിൽപ്പെടാതെ സംരക്ഷിച്ചു. വേദനയിൽ പുളയുകയും ബോധം നഷ്ടമാകുകയും ചെയ്ത അവർ എപ്പോൾ വേണമെങ്കിലും ഉരുണ്ട് തീവണ്ടിയ്ക്കടിയിൽ വീഴാമായിരുന്നു.
ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിന്റെ ആത്മ നിർവൃതിയിലായി ജോയി. നിരവധി ചെറുപ്പക്കാർ ഉൾപ്പെടെ നൂറു കണക്കിന് യാത്രക്കാർ നിസഹായരായി നിന്നപ്പോഴാണ് ജീവൻ പണയം വച്ച് ജോയി സാഹസികമായി ആ സ്ത്രീയെ രക്ഷപ്പെടുത്തിയത്.
ഇതിനിടയിൽ ഇവരുടെ ഭർത്താവും തീവണ്ടിയിൽ നിന്ന് ചാടിയിറങ്ങി ഓടിയെത്തി.
ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽഇന്നലെ വൈകുന്നേരമാണ് സംഭവം. പതിവു പോലെ കൊല്ലത്തേയ്ക്കുള്ള ശബരി എക്സ്പ്രസ് ട്രെയിൻ കാത്തുനിൽക്കുകയായിരുന്നു ജോയി.
തീവണ്ടിയിൽനിന്ന് വീണ സ്ത്രീക്ക് ഗുരുതരമല്ലാത്ത പരുക്കുകൾ ഉണ്ടാകുകയും ജോയിക്കു കൈമുട്ടുകളിൽ നിസ്സാര പരുക്കുകളും ഉണ്ടായി ചെങ്ങന്നൂർ വെണ്മണി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആയി ജോലിനോക്കുന്ന ആർ.ജി.ജോയി കൊല്ലം പാരിപ്പള്ളി സ്വദേശിയാണ്.
ജോയി റോട്ടറി ക്ലബ് പാരിപ്പള്ളി യുടെ സ്ഥാപക പ്രസിഡന്റ് ് കൂടിയാണ്. ശാലിനി ഭാര്യയും ശിവഗംഗയും ശിവപ്രിയയും മക്കളുമാണ്.
ട്രെയിൻ പാസഞ്ചേഴ്സ് അസോസിയേഷനുകളും പാരിപ്പള്ളി റോട്ടറി ക്ലബ്ബും ജോയിയെ അനുമോദിച്ചു.
അപകടത്തിൽപ്പെട്ട സ്ത്രീയും ഭർത്താവ് ചാക്കോയും തീവണ്ടിയിൽ ഹൈദരാബാദിൽ നിന്നും ചെങ്ങന്നൂരിലേയ്ക്ക് വരികയായിരുന്നു.
ചെങ്ങന്നൂരിൽ ഇറങ്ങാൻ തുടങ്ങുമ്പോഴാണ് അറുപതോളം വയസ് പ്രായം വരുന്ന ഇവർ അപകടത്തിൽപ്പെട്ടത്. ചെങ്ങന്നൂർ റെയിൽവേ പോലീസ് കേസെടുത്തിട്ടുണ്ട്.