തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രൻ സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസിനെ തടഞ്ഞ സംഭവത്തിൽ പ്രതികരണവുമായി നടൻ ജോയ് മാത്യു. കെഎസ്ആർടിസി ബസ് മേയർ സഞ്ചരിച്ച കാറിന് സൈഡ് നല്കാതെ ഓടിച്ചെന്നും ബസിന്റെ ഡ്രൈവർ അശ്ലീല ആംഗ്യം കാട്ടിയെന്നും ആരോപിച്ച് മേയർ ആര്യ രാജേന്ദ്രനും കുടുംബവും രംഗത്തെത്തിയിരുന്നു.
സംഭവം വലിയ വിവാദമായതോടെ കെഎസ്ആർടിസി ഡ്രൈവർക്ക് പിന്തുണയുമായി സിനിമാ താരം ജോയ് മാത്യു രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ‘സംശയമെന്ത്, കെഎസ്ആർടിസി ഡ്രൈവർക്കൊപ്പം തന്നെ’ എന്നാണ് ജോയ് മാത്യു കുറിച്ചത്.
ശനിയാഴ്ച രാത്രി 9.230നു തിരുവനന്തപുരം പാളയത്തിനു സമീപമായിരുന്നു മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ തർക്കമുണ്ടായത്. ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയുമായി സ്വകാര്യ കാറിൽ യാത്രചെയ്യുകയായിരുന്നു മേയർ. അപകടകരമായ രീതിയിൽ ബസ് ഓടിച്ചെന്നും തന്റെ വാഹനത്തിനു സൈഡ് നൽകിയില്ലെന്നുമായിരുന്നു മേയറുടെ ആരോപണം.
പാളയത്ത് ബസ് നിർത്തിയപ്പോൾ മേയർ സഞ്ചരിച്ചിരുന്ന കാർ ബസിനു മുന്നിൽ കുറുകെ നിർത്തി. തുടർന്നു കാറിൽ നിന്നിറങ്ങിയ മേയർ ഡ്രൈവറെ ചോദ്യം ചെയ്തു. ഇരുവരും തമ്മിൽ വാക് തർക്കമുണ്ടായി. നാട്ടുകാർ കൂടി ഇടപ്പെട്ടതോടെ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.