കൊച്ചി: ലോക കേരള സഭയ്ക്കെതിരേ രൂക്ഷ വിമർശനവുമായി നടനും എഴുത്തുകാരനുമായ ജോയ് മാത്യു. കുവൈറ്റിലെ ലേബർ ക്യാംപിലുണ്ടായ തീപിടുത്തത്തെത്തുടർന്ന് മരിച്ച ആളുകളിൽ ഭൂരിഭാഗവും മലയാളികളാണ്. ഈ അവസരത്തിൽ ലോക കേരള സഭ ആഘോഷിക്കുന്നതിനാണ് ജോയ് മാത്യുവിന്റെ വിമർശനം.
അഗ്നിക്കിരയായ തൊഴിലാളികളുടെ ശവമഞ്ചത്തിന് മേലെയാണ് തൊഴിലാളി വർഗപാർട്ടി എന്ന് മേനിനടിക്കുന്ന കേരള ഭരണകൂടം ലോക കേരള സഭ എന്ന അല്പന്മാരുടെ കോമാളിത്തരം നടത്തുന്നത്. ഇതോർത്ത് താനടക്കമുള്ള ഓരോ മലയാളിയും ലജ്ജിക്കേണ്ടതാണെന്നും താരം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് താരത്തിന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…
അല്പന്മാരുടെ കോമാളി നാടകം –
സാധാരണക്കാരുടെ നികുതിപ്പണമെടുത്ത് ആഘോഷിക്കുന്ന അല്പന്മാരുടെ ഉത്സവമായ ലോക കേരള സഭ നാളെ മൂന്നാമതും ആരംഭിക്കുകയാണ്.
ജന്മനാട്ടിൽ തൊഴിലവസരങ്ങൾ ഇല്ലാത്തതിനാൽ കുടുംബം പുലർത്താൻ മറുനാടുകളിലെ ആടുജീവിതത്തിനു വിധിക്കപ്പെട്ട് നാടും വീടും വിട്ട് മരുഭൂമികളിൽ തൊഴിലെടുക്കാൻ പോയ ഇന്ത്യാക്കാരായ 46 തൊഴിലാളികളാണ് അഗ്നിക്കിയായത് -അതിൽ ഇരുപത്തിമൂന്നുപേർ മലയാളികളാണ്.
ഇവരുടെ വേർപാടോടെ അവരെ ആശ്രയിച്ച് കഴിയുന്ന ഇരുപത്തിമൂന്ന് കുടുംബങ്ങളാണ് അനാഥമാകുന്നത്. അഗ്നിക്കിരയായ തൊഴിലാളികളുടെ ശവമഞ്ചത്തിന് മേലെയാണ് തൊഴിലാളി വർഗ പാർട്ടി എന്ന് മേനിനടിക്കുന്ന കേരള ഭരണകൂടം ഈ ലോക കേരള സഭ എന്ന അല്പന്മാരുടെ കോമാളിത്തം നടത്തുന്നത് എന്നോർത്ത് ഞാനടക്കമുള്ള ഓരോ മലയാളിയും ലജ്ജിക്കേണ്ടതാണ്
അതേസമയം, നിയമസഭാ മന്ദിരത്തിലെ ആര്.ശങ്കരനാരാണയന് തമ്പി ഹാളിലാണ് സമ്മേളനത്തിന്റെ ഉദ്ഘാടനം നടക്കുന്നത്. 103 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുൾപ്പടെ 351 അംഗങ്ങളാണ് ലോക കേരള സഭയിൽ പങ്കെടുക്കുന്നത്.
മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലും ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള പ്രവാസി കേരളീയരുടെ കൂട്ടായ്മയും സഹകരണവും സാധ്യമാക്കുക, നാടിന്റെ വികസനത്തിനും പുരോഗതിയ്ക്കുമായി പ്രവാസികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുക, അവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും പരിഹരിക്കുന്നതിനുമായുള്ള പദ്ധതികൾ ആവിഷ്കരിക്കുക തുടങ്ങി വിപുലമായ ലക്ഷ്യങ്ങളാണ് ലോക കേരള സഭയ്ക്കുള്ളത്.