ഇരട്ടയാർ: കോൺഗ്രസ് മുൻ അധ്യക്ഷനും വയനാട് എംപിയുമായ രാഹുൽ ഗാന്ധിക്ക് എതിരെ അധിക്ഷേപ പ്രസംഗവുമായി ഇടുക്കി മുന്‍ എംപി ജോയ്സ് ജോര്‍ജ്.
ഉടുമ്പൻചോല നിയോജക മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥി എം എം മണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇരട്ടയാറിലെ പൊതുയോഗത്തിൽ സംസാരിക്കവെയാണ് രാഹുൽ ഗാന്ധിക്ക് എതിരെ ജോയ്സ് ജോർജ് മോശം പരാമർശങ്ങൾ നടത്തിയത്.
പെണ്‍കുട്ടികള്‍ രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ വളഞ്ഞും കുനിഞ്ഞും നില്‍ക്കരുതെന്ന് ജോയിസ് ജോര്‍ജിന്റെ ആക്ഷേപം. അയാള്‍ കല്യാണം കഴിച്ചിട്ടില്ലെന്നും പരിഹാസം. രാഹുൽ കോളജുകളിൽ വിദ്യാർഥിനികളുമായി സംവദിക്കുന്നതിനെ ചൂണ്ടിക്കാണിച്ച് കൊണ്ടായിരുന്നു ജോയിസിന്റെ അധിക്ഷേപം.
മന്ത്രി എം.എം. മണി ഉൾപ്പെടെയുള്ളവരും വിവാദ പരാമർശങ്ങൾ നടത്തുമ്പോൾ വേദിയിൽ ഉണ്ടായിരുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെ ജോയ്സ് ജോർജ് ഈ പ്രസംഗം ലൈവ് ഇടുകയും ചെയ്തിരുന്നു.
“പെൺകുട്ടികളുള്ള കോളേജിൽ മാത്രമേ പോകുവൊള്ളു. അവിടെ ചെന്നിട്ട് പെമ്പിള്ളാരെ വളഞ്ഞു നിൽക്കാനും നിവർന്നു നിൽക്കാനും ഒക്കെ പഠിപ്പിക്കും. എന്റെ പൊന്നു മക്കളേ രാഹുൽ ഗാന്ധിയുടെ മുന്നിൽ വളയാനും കുനിയാനും ഒന്നു പോയേക്കല്ല്. അദ്ദേഹം പെണ്ണൊന്നും കെട്ടിയിട്ടില്ല.
അപ്പോ, അതുകൊണ്ട് അതൊക്കെ ശ്രദ്ധിക്കണം. അല്ല, ഇതൊക്കെയാണ് പുള്ളിയുടെ പരിപാടി. ഇങ്ങനത്തെ പരിപാടിയായിട്ട് ഈ പുള്ളി നടക്കുവാ’ – ഇതായിരുന്നു രാഹുൽ ഗാന്ധിയെയും വിദ്യാർത്ഥിനികളെയും അപമാനിച്ച് ജോയ്സ് പറഞ്ഞത്.
അതേസമയം, പ്രസംഗത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. ജോയിസ് ജോർജിനെതിരെ അശ്ലീല പരാമർശത്തിനെതിരെ ഡിജിപിക്ക് പരാതി നൽകുമെന്ന് ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് ഡീൻ കുര്യാക്കോസും വ്യക്തമാക്കി.