നെടുമ്പാശേരി: വെള്ളപ്പൊക്കത്തില്‍ ചെളി അടിഞ്ഞുകൂടി വൃത്തിഹീനമായ സര്‍ക്കാര്‍ സ്കൂളും അങ്കണവാടിയും എംഎല്‍എയുടെ നേതൃത്വത്തില്‍ രണ്ട് മണിക്കൂറുകൊണ്ട് വൃത്തിയാക്കി. പാറക്കടവ് പഞ്ചായത്തിലെ പാറക്കടവ് ഗവ. എല്‍പി സ്കൂളും, 74-ാം നമ്പര്‍ അങ്കണവാടിയുമാണ്.
റോജി എം. ജോണ്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ 25ഓളം പേർ ചേര്‍ന്ന് പൂര്‍ണമായും വൃത്തിയാക്കിയത്. സ്കൂളിലെ ഏതാനും അധ്യാപകരും, പിടിഎ ഭാരവാഹികളും ചേര്‍ന്ന് സ്കൂൾ വൃത്തിയാക്കാന്‍ ആരംഭിച്ചപ്പോളാണ് ടി-ഷര്‍ട്ടും ലുങ്കിയുമണിഞ്ഞ് റോജി എം. ജോണ്‍ എംഎല്‍എയും ഒരു പറ്റം ആളുകളും വൃത്തിയാക്കുവാനുള്ള സാമഗ്രികളുമായി സ്കൂളില്‍ എത്തിയത്.
രണ്ട് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ സ്കൂളും അതിനോട് ചേര്‍ന്ന അങ്കണവാടി കെട്ടിടവും വൃത്തിയായി.
അങ്കണവാടിയില്‍ കുട്ടികള്‍ ഉപയോഗിക്കുന്ന ബെഞ്ചുകളും ഡെസ്കുകളും കളിക്കോപ്പുകളും ഡെറ്റോള്‍ ഉപയോഗിച്ച് കഴുകി വ്യത്തിയാക്കിയാണ് എംഎല്‍എയും സംഘവും മടങ്ങിയത്.
കഴിഞ്ഞ പ്രളയകാലത്തും ഈ സ്കൂളും അങ്കണവാടിയും വെള്ളം കയറി ചെളി അടിഞ്ഞപ്പോള്‍ എംഎല്‍എ ഇടപെട്ടായിരുന്നു ശുചിയാക്കിയത്. വീണ്ടും ഇതുപോലെ സ്കൂളും അങ്കണവാടിയും വെള്ളം കയറി വൃത്തിയാക്കേണ്ട സാഹചര്യം ഉണ്ടാകാതിരിക്കട്ടെ എന്നാശംസിച്ചാണ് എംഎല്‍എയും സംഘവും മടങ്ങിയത്.
ജില്ലാ പഞ്ചായത്തംഗം കെ.വൈ. ടോമി, എളവൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.വി. ജോസ്, മണ്ഡലം പ്രസിഡന്റ് എം.പി. നാരായണന്, സി.പി.ഡേവിസ് എന്നിവരോടൊപ്പം അങ്കമാലി നിയോജകമണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്നാണ് സ്കൂളും അങ്കണവാടിയും വൃത്തിയാക്കിയത്.