തൊടുപുഴ:ഇടുക്കി ലോക്സഭ മണ്ഡലം എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ജോയ്സ് ജോർജിനുള്ളത് 59.87 ലക്ഷം രൂപയുടെ ആസ്തി. കഴിഞ്ഞദിവസം സമർപ്പിച്ച തെരഞ്ഞെടുപ്പ് നാമനിർദേശ പത്രികയിൽ നൽകിയിരിക്കുന്ന വിവരമനുസരിച്ച് ഇദ്ദേഹത്തിന് ജംഗമ ആസ്തിയുടെ ആകെ മൂല്യം 26,87,403.31 രൂപയും സ്ഥാവര ആസ്തിയുടെ ആകെ മൂല്യം 33 ലക്ഷം രൂപയുമാണ്.ഭാര്യ അനുപ മാത്യുവിന്റെ ജംഗമ ആസ്തിയുടെ മൂല്യം 35,20,615.43 രൂപയും സ്ഥാവര ആസ്തി 68 ലക്ഷവുമാണ്.
ജോയ്സ് ജോർജിന്റെ കൈവശം ഏഴുപവൻ സ്വർണവും ഭാര്യയുടെ കൈവശം 107 പവൻ സ്വർണവുമുണ്ട്.ഇതിനു പുറമെ ജോയ്സ് ജോർജിന്റെ പേരിൽ കൊട്ടക്കന്പൂരിൽ 3.97 ഏക്കർ ഭൂമിയും ഭാര്യയുടെ പേരിൽ കട്ടപ്പന പുളിയൻമലയിൽ നാലേക്കറും കൊട്ടക്കന്പൂരിൽ 3.90 ഏക്കർ ഭൂമിയുമുണ്ട്.ഇന്നോവ കാർ മാത്രമാണ് ജോയ്സിന് സ്വന്തമായുള്ള വാഹനം.
എറണാകുളം മാമംഗലത്ത് 2755 ചതുരശ്രയടി വിസ്തീർണമുള്ള വീട് ഇരുവരുടെയും പേരിലുണ്ട്. രവിപുരം എച്ച്ഡിഎഫ്സി ബാങ്കിൽ ഇരുവരുടെയും പേരിൽ 15,37,175 രൂപയുടെ വായ്പയും ഇടുക്കി യൂണിയൻ ബാങ്ക് ശാഖയിൽ 37,88,613 രൂപയുടെ വായ്പയുമുണ്ട്.
ഇതിനു പുറമെ ഭാര്യക്ക് കട്ടപ്പന എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ 2,60,000 രൂപയുടെ ചിട്ടിവായ്പാ തിരിച്ചടവുമുണ്ട്.എറണാകുളം ഗിരിനഗർ ഫെഡറൽ ബാങ്ക് ശാഖയിൽ 1,38229 രൂപയുടെ കാർഷിക വായ്പയും ജോയ്സിനുണ്ട്.ജോയ്സ് ജോർജിന്റെ കൈവശം 7,000 രൂപയും ഭാര്യയുടെ കൈവശം 5000 രൂപയുമുണ്ട്.