ദേവികുളം: ഇടുക്കിയിലെ വട്ടവട പഞ്ചായത്തിലെ കൊട്ടക്കന്പൂരിൽ ജോയ്സ് ജോർജ് എംപിയും കുടുംബാംഗങ്ങളും കൈവശംവച്ചിരുന്ന ഭൂമിയുടെ പട്ടയം റദ്ദാക്കി. 20 ഏക്കർ ഭൂമിയുടെ ഉടമസ്ഥാവകാശമാണ് ദേവികുളം സബ് കളക്ടർ റദ്ദാക്കിയത്. സർക്കാരിൻറെ തരിശുഭൂമിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
പട്ടികജാതിക്കാർക്ക് വിതരണം ചെയ്ത ഭൂമിയാണ് അനധികൃതമായി കൈവശം വച്ചിരിക്കുന്നതെന്നാണ് കണ്ടെത്തൽ.
നടപടിക്കെതിരേ അപ്പീൽ പോകാമെന്നും നിർദേശിച്ചിട്ടുണ്ട്. ജോയ്സ് ജോർജിൻറെയും ഭാര്യയുടെയും പേരിൽ എട്ടേക്കറും ശേഷിക്കുന്ന ഭൂമി ബന്ധുക്കളുടെ പേരിലുമാണ് ഉള്ളത്.2015ലാണ് ജോയ്സ് ജോർജിനും കുടുംബാംഗങ്ങൾക്കുമെതിരേ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തത്.
നിയമപരമായിനേരിടും: ജോയ്സ് ജോർജ്
കട്ടപ്പന: മൂന്നാർ കൊട്ടക്കന്പൂർ വില്ലേജിലെ തന്റെ ഭൂമിയുടെ പട്ടയം റദ്ദാക്കിയ നടപടി നിയമപരമായി നേരിടുമെന്ന് ജോയ്സ് ജോർജ് എംപി അറിയിച്ചു. ഭൂമി സംബന്ധിച്ച് തന്റെ പക്കലുള്ള മുഴുവൻ രേഖകളും നിയമപരമായുള്ളതാണ്. ഇത് ബന്ധപ്പെട്ട അധികാരികൾക്ക് നൽകിയിട്ടുമുണ്ട്.
പട്ടയം റദ്ദാക്കുന്നതുസംബന്ധിച്ച് തനിക്ക് യാതൊരുവിധ അറിയിപ്പുകളും ലഭിച്ചിട്ടില്ല. വിഷയം സംബന്ധിച്ച് തന്നെ കേൾക്കുന്നതിനും റവന്യു അധികൃതർ തയാറായിട്ടില്ല. നിയമപരമായി വസ്തുവിന്റെ പട്ടയം റദ്ദാക്കുന്നതിനു പാലിക്കേണ്ട നടപടിക്രമങ്ങൾ ഒന്നുംതന്നെ പാലിക്കാതെയാണ് നടപടി ഉണ്ടായിട്ടുള്ളത്.
മാധ്യമങ്ങളിൽനിന്നുള്ള വിവരം മാത്രമേ ഇതുസംബന്ധിച്ച് തനിക്കറിയു എന്നും അദ്ദേഹം പറഞ്ഞു. താമരശേരിയിൽ പാസ്റ്ററൽ കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്നതിനിടെ രാഷ്ട്രദീപികയോടു പ്രതികരിക്കുകയായിരുന്നു ജോയ്സ് ജോർജ്.