ന്യൂഡൽഹി: ജെ.പി. നഡ്ഡയെ ബിജെപി അധ്യക്ഷനായി നിയമിച്ചുള്ള പ്രഖ്യാപനം തിങ്കളാഴ്ചയുണ്ടായേക്കും. പുതിയ പാർട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കുന്ന തിയതി തിങ്കളാഴ്ചയാണ്. നഡ്ഡ രാവിലെ പത്തരയ്ക്കു പത്രിക സമർപ്പിക്കും. അട്ടിമറികളുണ്ടായില്ലെങ്കിൽ നഡ്ഡ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും.
ബുധനാഴ്ച ബിജെപിയുടെ കേന്ദ്ര ആസ്ഥാനത്തു നടക്കുന്ന ചടങ്ങിലാകും നഡ്ഡ ചുമതലയേൽക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ മുതിർന്ന നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും. മുതിർന്ന നേതാക്കളായ അമിത് ഷാ, രാജ്നാഥ് സിംഗ്, നിതിൻ ഗഡ്കരി എന്നിവരാണ് നഡ്ഡയുടെ പേര് അധ്യക്ഷ സ്ഥാനത്തേക്കു നിർദേശിച്ചതെന്നാണു സൂചന.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ജയം നേടുകയും അമിത് ഷാ ആഭ്യന്തര മന്ത്രിയാവുകയും ചെയ്തതോടെയാണ് നഡ്ഡയെ വർക്കിംഗ് പ്രസിഡന്റായി നിയമിച്ചത്. അമിത് ഷായുടെ വിശ്വസ്തൻ ഭൂപീന്ദർ യാദവ് വൈസ് പ്രസിഡന്റാകുമെന്നാണു സൂചന.