തിരുവല്ല: ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സുമായി ബന്ധപ്പെട്ട സ്പിരിറ്റ് തിരിമറിയുടെ പിന്നാമ്പുറം നീളുമ്പോള്‍ അന്വേഷണസംഘം വിപുലീകരിക്കണമെന്ന ആവശ്യം തത്കാലം പരിഗണിക്കപ്പെടാനിടയില്ല.
ടാങ്കര്‍ ലോറികളിലെത്തിച്ച സ്പിരിറ്റില്‍ മോഷണം നടന്നുവെന്ന കുറ്റം മാത്രം ഉള്‍പ്പെടുത്തി പുളിക്കീഴ് പോലീസിന്റെ അന്വേഷണത്തില്‍ കേസൊതുക്കാനാണ് ശ്രമം.
ഡ്രൈവര്‍മാര്‍ അടക്കമുള്ള മുഖ്യപ്രതികളായ കേസില്‍ നിലവില്‍ പ്രതിപ്പട്ടികയിലുള്ള ഉദ്യോഗസ്ഥരും രക്ഷപെടാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞു തുടങ്ങി.
ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സിന്റെ പ്രവര്‍ത്തനം സ്പിരിറ്റ് തിരിമറി വിവാദത്തില്‍ തടസപ്പെടരുതെന്ന എക്സൈസ് വകുപ്പിലെ ഉന്നതരുടെ നിര്‍ദേശത്തേ തുടര്‍ന്ന് ഇന്നുമുതല്‍ മദ്യത്തിന്റെ ഉത്പാദനം പുനരാരംഭിക്കും.
നിലവില്‍ പുളിക്കീഴ് പോലീസാണ് കേസ് അന്വേഷിക്കുന്നത്. എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരടക്കമുള്ളവരെ ചോദ്യം ചെയ്യേണ്ടിവരുന്ന സാഹചര്യത്തില്‍ അന്വേഷണസംഘത്തെ വിപുലീകരിക്കണമെന്ന നിര്‍ദേശം പോലീസ് നല്‍കിയിരുന്നു.
ഇതോടൊപ്പം കേസില്‍ വിജിലന്‍സ് അന്വേഷണം ഭരണ, പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു.
പ്രതിമാസം ശരാശരി 15 ലോഡ് സ്പിരിറ്റാണ് വിദേശമദ്യ നിര്‍മാണത്തിനായി പുളിക്കീഴ് ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്സിലേക്കെിത്തിക്കൊണ്ടിരുന്നത്. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കരാര്‍ വിളിച്ചാണ് ഇവ എത്തിച്ചിരുന്നത്.
20687 ലിറ്റര്‍ സ്പിരിറ്റിന്റെ കുറവ്
മധ്യപ്രദേശില്‍ നിന്നും കഴിഞ്ഞദിവസം ഇത്തരത്തില്‍ എത്തിച്ച സ്പിരിറ്റില്‍ 20687 ലിറ്റര്‍ സ്പിരിറ്റിന്റെ കുറവ് കണ്ടെത്തിയതോടെയാണ് തിരിമറി ശ്രദ്ധയില്‍പെട്ടത്.
ട്രാവന്‍കൂര്‍ ഷുഗേഴ്സിലേക്ക് സ്പിരിറ്റ് കരാര്‍ വയ്ക്കുന്നതു മുതല്‍ ലോഡ് എത്തി മദ്യ ഉത്പാദനം നടക്കുന്നതുവരെയുള്ള കാര്യങ്ങളില്‍ എക്സൈസ് വകുപ്പിനു നിയന്ത്രണമുള്ളതാണ്. പുളിക്കീഴില്‍ ഇതിനായി പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
ട്രാവന്‍കൂര്‍ ഷുഗേഴ്സിലേക്ക് സ്പിരിറ്റുമായി എത്തുന്ന ലോറികള്‍ക്ക് ഇ ലോക്ക് സംവിധാനം ഘടിപ്പിച്ചിട്ടുള്ളതാണ്.
ഇ ലോക്ക് പൊളിക്കാതെയാണ് സ്പിരിറ്റ് മാറ്റിയിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഇതു സ്ഥിരീകരിക്കുകയും ചെയ്തു.
തിരിമറിക്കു പിന്നില്‍ ഉദ്യോഗസ്ഥ ബന്ധം
ഇതര സംസ്ഥാനങ്ങളില്‍ നിന്നു സ്പിരിറ്റ് കൊണ്ടുവരാന്‍ ആറു മാസം കൂടുമ്പോഴാണ് ട്രാന്‍സ്പോര്‍ട്ടിംഗ് കമ്പനികള്‍ക്ക് കരാര്‍ നല്‍കുന്നത്. ഇത്തവണ കരാര്‍ എടുത്തിരിക്കുന്ന കമ്പനിക്ക് കഴിഞ്ഞ ഡിസംബര്‍ മുതല്‍ ജൂണ്‍വരെയായിരുന്നു കാലാവധി.
തിരിമറിയുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ടാങ്കര്‍ ഡ്രൈവര്‍മാര്‍ നല്കിയ മൊഴിയില്‍ തിരിമറിക്കു പിന്നില്‍ ഉദ്യോഗസ്ഥ ബന്ധം വ്യക്തമാണ്.
കരാറെടുത്ത കമ്പനിയുടെ ടാങ്കര്‍ ലോറികള്‍ ആദ്യ ട്രിപ്പ് പുളിക്കീഴില്‍ എത്തിയപ്പോള്‍ തിരിമറിക്കുള്ള സാധ്യത ജീവനക്കാര്‍ പറഞ്ഞുതന്നിരുന്നതായി ഡ്രൈവര്‍മാരുടെ മൊഴിയുണ്ട്. ഒരു ട്രിപ്പില്‍ അരലക്ഷം രൂപയാണ് ഡ്രൈവര്‍മാര്‍ക്ക് വാഗ്ദാനം ചെയ്തത്.
അടുത്ത ട്രിപ്പില്‍ തിരിമറി നടത്തി പണം വാങ്ങിയെന്ന വിവരവും ഡ്രൈവര്‍മാര്‍ നല്കിയ മൊഴിയിലുള്ളതായി പോലീസ് പറയുന്നു.
മധ്യപ്രദേശില്‍ സ്പിരിറ്റ് എടുക്കാനെത്തിയപ്പോള്‍ പഞ്ചാബില്‍ നിന്നു സ്പിരിറ്റ് എടുക്കാനെത്തിയ ടാങ്കര്‍ ലോറി ഡ്രൈവര്‍മാരില്‍ നിന്നാണ് ഇവര്‍ സ്പിരിറ്റ് ഊറ്റ ്സംഘത്തിലെ അബു എന്നയാളുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ചത്.
വാഹനം എവിടെ എത്തിക്കണമെന്ന നിര്‍ദേശം അബുവാണ് നല്‍കിയതെന്ന് പറയുന്നു. സ്പിരിറ്റ് ശേഖരിച്ച മധ്യപ്രദേശിലെ ബദുവയില് നിന്ന് 60 കിലോമീറ്ററകലെ സേന്തുവ എന്ന സ്ഥലത്താണ് അവസാനം സ്പിരിറ്റ് മോഷ്ടിച്ചതെന്നാണ് മൊഴി.
മൊബൈല്‍ വര്‍ക്ക്ഷോപ്പ് പോലെയുള്ള വാഹനം ടാങ്കര്‍ ലോറിക്കരികില്‍ നിര്‍ത്തി അരമണിക്കൂറിനുള്ളില്‍ സംഘം സ്പിരിറ്റ് ഊറ്റിയെടുത്തു.
പണവും നല്കി. സ്പിരിറ്റ് കച്ചവടത്തിലൂടെ പണം ലഭിച്ചവിവരവും നാട്ടിലേക്ക് വരുന്ന ലോഡില്‍ കുറവുള്ള വിവരവും ഡ്രൈവര്‍മാര്‍ അരുണിനെ അറിയിച്ചിരുന്നു.
കമ്പനിയിലെത്തിയപ്പോള്‍ സ്പിരിറ്റ് കണക്കെഴുതി പണം സ്വീകരിച്ചത് അരുണാണ്. സ്പിരിറ്റില്‍ കുറവുള്ള വിവരം എക്സൈസ് ഉദ്യോഗസ്ഥരോ കമ്പനി അധികൃതരോ അറിഞ്ഞതായി നടിച്ചിരുന്നില്ല.