സ്വന്തം ലേഖകന്‍
കോഴിക്കോട്: ജ്വല്ലറികളില്‍ സ്വര്‍ണം വാങ്ങാനെന്ന വ്യാജേന എത്തി സ്വണവും കൊണ്ട് മുങ്ങുന്ന സംഭവങ്ങള്‍ ഏറിവരുന്നതായി പോലീസ്. സമീപകാലത്തായി ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചിവരികയാണ്.
സിസിടിവി കാമറകള്‍ ഉള്‍പ്പെടെ ഉണ്ടെങ്കിലും അതിനെയെല്ലാം നോക്കുകുത്തിയാക്കിയാണ് സമാനസംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്.
മാസങ്ങള്‍ക്ക് മുന്‍പ് പന്തിരാങ്കാവില്‍ ബൈക്കിലെത്തിയ സംഘം ജ്വല്ലറിയില്‍ നിന്നും മാലമോഷ്ടിച്ച് ബൈക്കില്‍ രക്ഷപ്പെട്ട സംഭവം ഉണ്ടായി.
ജ്വല്ലറി ഉടമ തന്നെ ബൈക്കിന് പിന്നാലെ ആളെ കൂട്ടി പിന്തുടര്ന്നിട്ടും രക്ഷയുണ്ടായില്ല. കഴിഞ്ഞ ദിവസം പാളയത്തുണ്ടായ സംഭവമാണ് ഇതില്‍ ഏറ്റവും അവസാനത്തേത്.
ജ്വല്ലറിയിലെത്തിയ യുവാവ് ഉടമയെ കബളിപ്പിച്ച് സ്വർണവുമായി കടന്നുകളയുകയായിരുന്നു.
കോഴിക്കോട് മേലെ പാളയം റാണി ജ്വല്ലറിയിലാണ് തിങ്കളാഴ്ച വൈകീട്ടോടെ കവർച്ച നടന്നത്. അഞ്ചേകാൽ പവൻ തൂക്കമുള്ള സ്വർണക്കട്ടിയാണ് മോഷണം പോയത്.
ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയയാൾ ക്ഷീണം നടിക്കുകയും രക്തത്തിലെ പഞ്ചസാര കുറയുന്നു എന്ന് ഉടമയോട് പറഞ്ഞ് അൽപം പഞ്ചസാരയോ മധുരമോ വേണം എന്ന് ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് കടയുടമ ഉള്ളിലെ മുറിയിലേക്കു പോയപ്പോൾ മേശയിലുള്ള സ്വർണക്കട്ടിയെടുത്ത് ഇയാൾ കടന്നുകളഞ്ഞു.
കടയുടമ തിരിച്ചെത്തിയപ്പോൾ ഇയാളെ കാണാതായതോടെ സംശയം തോന്നി മേശ പരിശോധിച്ചപ്പോഴാണ് സ്വർണം കവർന്ന വിവരം അറിയുന്നത്.
മോഷ്ടാവിന്റെ ദൃശ്യം കടയിലെ സിസിടിവി കാമറയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ടൗൺ പൊലീസ് കേസെടുത്ത് ജ്വല്ലറിയിലെത്തി തെളിവ് ശേഖരിച്ചു.