ലണ്ടൻ: തെരഞ്ഞെടുപ്പ് കാലത്ത് നൽകുന്ന വാഗ്ദാനങ്ങൾ പിന്നീട് രാഷ്ട്രീയ നേതാക്കൾക്ക് തലവേദന സൃഷ്ടിച്ച വാർത്തകൾ ഏറെയുണ്ട്. അത്തരത്തിലൊരു വിഷമവൃത്തത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇപ്പോൾ. രാജ്യത്ത് 50,000ലേറെ പുതിയ നഴ്സുമാരെ നിയമിക്കുമെന്ന് ജോൺസൺ തന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തിൽ പറഞ്ഞിരുന്നു. ഇതാണ് ജോൺസണ് വിനയായിരിക്കുന്നത്.
ബോറിസ് ജോൺസന്റെ ഈ വാഗ്ദാനത്തോട് നഴ്സുമാരുടെ ഇടയിൽ നിന്നുതന്നെയാണ് പ്രതിഷേധം ഉയരുന്നത്. വളർന്നു വരുന്ന കുട്ടികൾക്ക് രാജ്യത്ത് നഴ്സിംഗ് മേഖലയിൽ ജോലി സാധ്യത ഉണ്ട് എന്ന തോന്നലുണർത്താൻ സാധിക്കുന്ന തരത്തിലേക്ക് രാജ്യം മാറണമെന്നും ജോൺസൺ അഹ്വാനം ചെയ്തിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ബോറിസ് ജോൺസൺ ചില ആശുപത്രികളിൽ ചെന്നപ്പോൾ അവിടുത്തെ നഴ്സുമാർ അദ്ദേഹത്തിന് ഹസ്തദാനം നൽകാൻ പോലും തയാറായില്ലെന്നാണ് വാർത്തകൾ.
രാജ്യത്തെ ആരോഗ്യ മേഖലയിലേക്ക് അമേരിക്കൻ മരുന്നു കമ്പനികൾക്ക് കടന്നുകയറാനുള്ള അവസരമൊരുക്കുന്ന തരത്തിൽ ബോറിസ് ജോൺസൺ ചില നീക്കങ്ങൾ നടത്തുന്നുണ്ടെന്നും വിമർശനം ഉയർന്നു. ഇതിനെതിരെയും പലകോണുകളിൽ നിന്നായി ശക്തമായ പ്രതിഷേധമാണ് ഉണ്ടായത്.