കൊച്ചി: ഭർത്താവുമൊത്തുള്ള കിടപ്പറരംഗങ്ങൾ ഭാര്യ മൊബൈൽ കാമറയിൽ പകർത്തി നൽകി സുഹൃത്തിനെക്കൊണ്ട് ബ്ലാക്ക് മെയിൽ ചെയ്യിപ്പിക്കാൻ ശ്രമിച്ച കേസിലെ തുടർ നടപടികൾ സൈബർ, ഫോറൻസിക് പരിശോധനകൾക്ക് ശേഷമെന്ന് പോലീസ്.
ഇലക്ട്രോണിക് ഉപകരണങ്ങളുടെ സഹായത്തോടെ നടത്തിയ കൃത്യമായതിനാൽ സൈബർ ഫോറൻസിക് റിപ്പോർട്ട് ആവശ്യമാണെന്നും ഇതിന്റെ അടിസ്ഥാനത്തിൽ മാത്രമേ തുടർ നടപടികൾ സ്വീകരിക്കാനാവൂവെന്നും അന്വേഷണസംഘം അറിയിച്ചു.
അതേസമയം സംഭവത്തിൽ പരാതിക്കാരനായ എളമക്കര സ്വദേശി അദ്വൈതിന്റെ ഭാര്യയെ വിശദമായി വീണ്ടും ചോദ്യം ചെയ്യും. അന്പലപ്പുഴ സ്വദേശിനിയായ ഇവർക്കെതിരെ കഴിഞ്ഞദിവസം പോലീസ് കേസെടുത്തിരുന്നു.
കേസ് പിൻവലിച്ചില്ലെങ്കിൽ സ്വകാര്യ നിമിഷങ്ങൾ ഉൾപ്പെടെ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന ഭീഷണിയെത്തുടർന്നാണ് അദ്വൈതിന്റെ ഭാര്യയെ രണ്ടാംപ്രതിയാക്കി പോലീസ് കേസെടുത്തിരിക്കുന്നത്. കേസിൽ നേരത്തെ അറസ്റ്റിലായ ആലപ്പുഴ വണ്ടാനം പുതുവാൾ വീട്ടിൽ അജിത്തിനെ ജാമ്യത്തിൽ വിട്ടു. ഇന്നലെയാണ് ഇയാൾക്ക് ജാമ്യം ലഭിച്ചത്. ഐ.ടി. ആക്ട് 66 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
സാന്പത്തിക പ്രശ്നങ്ങളുടെ വൈരാഗ്യത്തിലാണ് ഭാര്യ സുഹൃത്തുമായി ചേർന്ന് മൊബൈൽ ആപ്പുവഴി കിടപ്പറ രംഗങ്ങളും സ്വകാര്യ സംഭാഷണങ്ങളും പകർത്തിയത്. ഖത്തിറിൽ ജോലി ചെയ്യുന്ന പരാതിക്കാരന്റെ അക്കൗണ്ടിൽ നിന്നും ഏഴ് ലക്ഷം രൂപ പിൻവലിച്ചതിനെ തുടർന്ന് പരാതിക്കാരനും ഭാര്യയുമായി തർക്കവും വഴക്കും ഉണ്ടായി. സുഹൃത്തിന് കടം നൽകിയെന്നായിരുന്നു ഭാര്യയുടെ മറുപടി പറഞ്ഞത്.
നാട്ടിലെത്തിയിട്ടും പണം തിരികെ കിട്ടാതെ വന്നതോടെ വഴക്കായി. ഇതിനിടെ യുവതി അന്പലപ്പുഴയിലെ സ്വന്തം വീട്ടിലേക്ക് പോയി. ഇവിടെ വച്ചാണ് യുവതി അജിത്തുമായി ചേർന്ന് ഭർത്താവിന്റെ മൊബൈലിൽ രഹസ്യങ്ങൾ ചോർത്താൻ പദ്ധതിയിട്ടത്.