മുണ്ട് വാങ്ങി വയ്ക്കണം, ഉടുപ്പിക്കണം! ദര്‍ശനം കഴിഞ്ഞാല്‍ പ്രസാദക്കിറ്റ് പിടിക്കണം, ഉടയ്ക്കാനുള്ള തേങ്ങ വാങ്ങണം; ഗുരുവായൂരിലും പോലീസുകാര്‍ക്ക് ദാസ്യപ്പണി തന്നെയെന്ന് വെളിപ്പെടുത്തല്‍

ഉന്നതപോലീസുദ്യോഗസ്ഥര്‍ക്ക് ദാസ്യപ്പണി ചെയ്യുന്ന പോലീസുകാരുടെ അനുഭവങ്ങള്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. വീട്ടിലെ പട്ടിയെ കുളിപ്പിക്കുക, മാര്‍ക്കറ്റില്‍ നിന്ന് മീന്‍ വാങ്ങിക്കൊണ്ടു വരിക, തോട്ടം നനക്കുക തുടങ്ങി പല ജോലികളും കീഴ്ജീവനക്കാരെ കൊണ്ട് പോലീസുദ്യോഗസ്ഥര്‍ ചെയ്യിച്ചിരുന്നു എന്നാണ് പലരും വെളിപ്പെടുത്തിയത്. വീട്ടുദോലി മാത്രമല്ല, ഗുരുവായൂരമ്പലത്തില്‍ പോലും ഉന്നതര്‍ക്ക് ദാസ്യവേല ചെയ്യേണ്ട അവസ്ഥയാണ് താഴ്ന്ന പോലീസുകാര്‍ക്കുള്ളതെന്നുള്ള റിപ്പോര്‍ട്ടും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്.

ഉത്തരേന്ത്യക്കാരായ ഐ.പി.എസ്. ഉദ്യോഗസ്ഥര്‍ക്ക് കേരളീയരീതിയില്‍ മുണ്ട് ഉടുക്കാനറിയില്ല. ഗുരുവായൂരപ്പനെ തൊഴാന്‍ വരുന്ന ഇവര്‍ക്ക് മുണ്ട് വാങ്ങിവെച്ചാല്‍ പോരാ, അത് ഉടുപ്പിച്ചുകൊടുക്കുകയും വേണം. മേലധികാരികളെയും അവരുടെ സ്വന്തക്കാരെയും തൃപ്തിയോടെ തൊഴുത് പറഞ്ഞയക്കുന്നതുവരെ ഇവിടത്തെ പോലീസുകാര്‍ക്ക് ചങ്കിടിപ്പാണ്.

ജില്ലാതലത്തിലും അതിനുമുകളിലുമുള്ള മേലുദ്യോഗസ്ഥര്‍ക്ക് ഗുരുവായൂരില്‍ ചുരുങ്ങിയത് അഞ്ച് പോലീസുകാരെങ്കിലും ‘ദാസന്‍’മാരായി വേണമെന്നതാണ് ഇവിടത്തെ ‘ദര്‍ശന പ്രോട്ടോകോള്‍’. പോലീസുദ്യോഗസ്ഥര്‍ക്കുമാത്രമല്ല, അവരുടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുംവരെ പൈലറ്റായി നില്‍ക്കണം. ദര്‍ശനം കഴിഞ്ഞാല്‍ പ്രസാദകിറ്റ് പിടിക്കുക, ഗണപതി ക്ഷേത്രത്തില്‍ ഉടയ്ക്കാനുള്ള തേങ്ങ വാങ്ങുക… അങ്ങനെ പോകുന്നു ഇവിടത്തെ പോലീസുകാരുടെ ജോലികള്‍.

Related posts