കോവിഡ് രോഗികളുടെ അന്ത്യ നിമിഷങ്ങളെപ്പറ്റി ഇന്ത്യന്‍ നഴ്‌സ് പങ്കുവച്ച കുറിപ്പ് ഇപ്പോള്‍ ഏവരെയും കണ്ണീരണിയിക്കുകയാണ്.
യുകെയിലെ എന്‍എച്ച്എസ് ആശുപത്രികളില്‍ അനുദിനം മരിച്ചു വീഴുന്ന കോവിഡ് രോഗികളുടെ അന്ത്യനിമിഷമാണ് ഇന്ത്യന്‍ നഴ്‌സായ ജ്വാനിത നിത്‌ല പങ്കുവച്ചിരിക്കുന്നത്.
ഇവരുടെ മരണം ഉറപ്പാക്കുന്നത് വരെ കൈകളില്‍ മുറുകെ പിടിക്കുമെന്നും ഹൃദയമിടിപ്പ് പൂജ്യമാവുമ്പോള്‍ അന്ത്യാഞ്ജലി അര്‍പ്പിക്കുമെന്നുമാണ് ഈ സീനിയര്‍ സിസ്റ്റര്‍ വെളിപ്പെടുത്തുന്നത്. കണ്ണീരോടെയാണ് ഇവര്‍ ഇക്കാര്യം പറയുന്നത്.
കൊറോണ വാര്‍ഡുകളിലെ ഡ്യൂട്ടിക്കിടയില്‍ നിരവധി കോവിഡ്-19 രോഗികളുടെ അന്ത്യനിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച അനുഭവത്തിന്റെ വെളിച്ചത്തിലാണ് 42കാരിയായ ജ്വാനിത ഈ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
ഇത്തരത്തിലുള്ള നഴ്‌സായ ഒരു രോഗി മരിക്കുമ്പോള്‍ അവരുടെ കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടത് പ്രകാരമുള്ള സംഗീതം പശ്ചാത്തലത്തില്‍ പ്ലേ ചെയ്തിരുന്നുവെന്നും ഇത് രോഗിയുടെ മകള്‍ ഫോണിലൂടെ കേട്ടിരുന്നുവെന്നും ജ്വാനിത വേദനയോടെ ഓര്‍ക്കുന്നു.
നോര്‍ത്ത് ലണ്ടനിലെ ഹാംസ്റ്റെഡിലെ റോയല്‍ ഫ്രീ ഹോസ്പിറ്റലിലെ കൊറോണ വാര്‍ഡിലാണിവര്‍ ജോലി ചെയ്യുന്നത്.
മരിക്കുന്ന രോഗികളെ അന്തിമമായി കുളിപ്പിക്കാറുണ്ടെന്നും വെളുത്ത തുണിയില്‍ പൊതിയുകയും തല ഭാഗത്ത് കുരിശ് വരയ്ക്കുകയും ചെയ്യാറുണ്ടെന്നും അതിന് ശേഷമാണ് ബോഡി ബാഗില്‍ പായ്ക്ക് ചെയ്യുകയെന്നും ഈ നഴ്‌സ് വെളിപ്പെടുത്തുന്നു.
ഇത്തരത്തില്‍ തുടര്‍ച്ചയായി തന്റെ കൈകളില്‍ കിടന്ന് ആളുകള്‍ മരിക്കുന്നതിന്റെ ഓര്‍മകള്‍ തന്റെ ഉറക്കം പോലും നഷ്ടപ്പെടുത്തുന്നുവെന്ന് ജ്വാനിത പറയുന്നു.
വെന്റിലേറ്ററുകള്‍ പ്രദാനം ചെയ്തിട്ടും ചിലരുടെ ജീവന്‍ പിടിച്ച് നിര്‍ത്താന്‍ സാധിക്കാതെ വരുമ്പോള്‍ ചില കേസുകളില്‍ തനിക്ക് കുറ്റബോധം തോന്നാറുണ്ടെന്നും ഈ നഴ്‌സ് സമ്മതിക്കുന്നു.
50കാരിയായ ഒരു നഴ്‌സ് മരിക്കുന്നതിനു മുമ്പ് വളരെ ശാന്തയായി കാണപ്പെട്ടുവെന്നും മരിക്കുന്നതിനു മുമ്പ് ഇവര്‍ കണ്ണുകള്‍ അടച്ചിരുന്നുവെന്നും ജ്വാനിത പറയുന്നു.
വെന്റിലേറ്ററുകള്‍ ഫലപ്രദമല്ലാത്ത രോഗികളില്‍ നിന്നും അത് നീക്കം ചെയ്യുകയെന്ന ദുഃഖകരമായ തീരുമാനം ഡോക്ടര്‍മാര്‍ക്ക് എടുക്കേണ്ടി വരാറുണ്ടെന്നാണ് ഈ നഴ്‌സ് പറയുന്നത്.
ഇതിന്റെ ഭാഗമായി രോഗിക്ക് കൊടുത്തു കൊണ്ടിരിക്കുന്ന മരുന്നും പിന്നെ ക്രമത്തില്‍ ഓക്‌സിജനും നിര്‍ത്തുകയും ചെയ്യാറുണ്ടെന്നും ജ്വാനിത പറയുന്നു. ജ്വാനിതയുടെ വാക്കുകള്‍ ഇതിനോടകം ചര്‍ച്ചയായിക്കഴിഞ്ഞു.