വടക്കഞ്ചേരി: ചിറ്റടി അനുഗ്രഹഭവനിലെ അന്തേവാസികളായ കുട്ടികൾക്ക് ഭക്ഷണമൊരുക്കി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് വണ്ടാഴി പഞ്ചായത്തിലെ കോണ്‍ഗ്രസ് മെംബർമാരുടെ ആദരം.
ആർ.സുരേഷ്, ബെന്നി ജോസഫ്, പി.മുരുകേശൻ, അനിത പ്രദീപ്, രമ്യ പ്രമോദ് എന്നീ മെംബർമാരാണ് ജനകീയ നേതാവിന്റെ നിയമസഭാ പ്രവേശനത്തിന്റെ അന്‍പതാം വർഷത്തിൽ കാരുണ്യ പ്രവൃത്തിയുമായി രംഗത്തെത്തിയത്.
വൈകല്യങ്ങളുടെ വൈകൃതങ്ങളിൽ കഴിയുന്ന കുട്ടികളാണ് അനുഗ്രഹഭവനിലെ അന്തേവാസികളെല്ലാം. ഒറ്റപ്പെട്ട പിഞ്ചുമനസുകളുടെ അഭയകേന്ദ്രമാണിത്.
അമ്മ ഉപേക്ഷിച്ചവർ, കണ്ണു കാണാത്തവർ, ബുദ്ധി വളർച്ചയില്ലാത്തവർ, കൈകാലുകൾ നിവർത്താൻ കഴിയാത്തവർ, ഭക്ഷണം കഴിക്കാൻ കഴിയാത്തവർ തുടങ്ങി ദൈന്യതയുടെ കാഴ്ചകളാണ് ഓരോ കട്ടിലിലും.
എഫ് സിസി സന്യാസിനി സഭാംഗങ്ങളാണ് അനുഗ്രഹഭവൻ എന്ന സമർപ്പണത്തിന്റെ ഈ ശ്രീകോവിലിലെ ശുശ്രൂഷകർ.