ഫ്രാൻസിസ് തയ്യൂർ
വടക്കഞ്ചേരി: ഈർക്കിൽകൊണ്ട് വിസ്മയങ്ങൾ തീർക്കുകയാണ് പാലക്കുഴി പിസിഎയിലെ കർഷകനായ വേലംപറന്പിൽ ജൂബി ജോർജ്. കണ്ടുനില്ക്കുന്നവരെ അന്പരപ്പിക്കുന്ന കരവിരുതാണ് ജൂബിയുടെ ഈർക്കിൽ കലാസൃഷ്ടികൾക്കു പിന്നിൽ.
എണ്ണിയാൽ ഒടുങ്ങാത്ത ഈർക്കിലി തുണ്ടുകൾ അതിസൂക്ഷ്മതയോടെ അടുക്കിവച്ച് സുന്ദരശില്പങ്ങൾക്കാണ് ജൂബി രൂപംനല്കുന്നത്. ഇരുന്നൂറുദിവസംകൊണ്ട് പൂർത്തിയാക്കിയ ദിനോസറും നൂറുദിവസം എടുത്ത ടൈറ്റാനിക് കപ്പലുമെല്ലാം ജൂബിയുടെ മാസ്റ്റർ പീസുകളാണ്.
ഈർക്കിലിയുടെ തെരഞ്ഞെടുപ്പ് മുതൽ വേണം ഈ ശ്രദ്ധയും കരവിരുതും. നല്ല ക്ഷമയും ഈ വിസ്മയ രൂപങ്ങളുടെ നിർമാണത്തിനു വേണം. തോട്ടത്തിലെ കൃഷിപ്പണികൾ കഴിഞ്ഞ് ഒഴിവുസമയത്താണ് ജൂബിയുടെ ശില്പനിർമാണം. വീട്ടുകാരും ഭാര്യ ലിജിയും മക്കളായ എൽനയും എൽബിനുമെല്ലാം സഹായത്തിനുണ്ട്.
നിരവധി കാർഷികമേളകളിൽ ജൂബി ശില്പപ്രദർശനം നടത്തി. നിർമിക്കാനുദ്ദേശിക്കുന്ന ശില്പം ആദ്യം പേപ്പറിൽ വരച്ച് പൂർണത വരുത്തും. തുടർന്നാണ് ഈർക്കിൽകൊണ്ട് നിർമിക്കുക. 15 വർഷംമുന്പ് ഈർക്കിൽകൊണ്ട് വീടിന്റെ മോഡൽ ഉണ്ടാക്കിയായിരുന്നു തുടക്കം.
പിന്നെ ശില്പനിർമാണം ഹരമായി മാറി. ഒന്നിനൊന്ന് മികവു പുലർത്തുന്നതാണ് ജൂബിയുടെ ശില്പങ്ങളെല്ലാം. പാലക്കുഴിയിലെ മിനി ജലവൈദ്യുതപദ്ധതിയുടെ നിർമാണോദ്ഘാടന വേദിക്കരികിലും ജൂബിയുടെ ശില്പപ്രദർശനം ഒരുക്കിയിരുന്നു.