ജൂഡ് ആന്റണിക്കെതിരെ ഭീഷണിപ്പെടുത്തലിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് കേസെടുത്തിരിക്കുന്നതെന്ന് സെൻട്രൽ പോലീസ് അറിയിച്ചു. കേർപ്പറേഷൻ കൗണ്സിൽ പാസാക്കിയ നിയമപ്രകാരം ഷൂട്ടിംഗ് അടക്കമുള്ള കാര്യങ്ങൾക്ക് പാർക്ക് വിട്ടു നൽകുന്നതിന് വിലക്കുണ്ടെന്ന് മേയർ പറഞ്ഞതാണ് സംവിധായകനെ പ്രകോപിപ്പിച്ചത്. ഇത് വാക്കേറ്റത്തിലെത്തുകയായിരുന്നു.
കൊച്ചി: സംവിധായകൻ ജൂഡ് ആന്റണി ജോസഫിനെതിരേ കൊച്ചി മേയർ സൗമിനി ജെയിൻ നൽകിയ പരാതിയിൽ കഴന്പില്ലെന്ന് സൂചന. ഭീഷണിപ്പെടുത്തിയെന്നും സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചുവെന്നും ആരോപിച്ചാണ് ജൂഡിനെതിരേ മേയർ പരാതി നൽകിയത്. മേയറുടെ പരാതിയിൽ കേസെടുത്തതായി എറണാകുളം സെൻട്രൽ പോലീസ് അറിയിച്ചിട്ടുണ്ട്.
നിവിൻ പോളി അഭിനയിക്കുന്ന, കുട്ടികൾക്കെതിരേയുള്ള അതിക്രമങ്ങളെക്കുറിച്ച് ബോധവത്കരണം നൽകുന്ന ഷോർട്ട് ഫിലിമിന്റെ ഷൂട്ടിംഗ് ആവശ്യത്തിന് സുഭാഷ് പാർക്ക് നൽകുമോ എന്നറിയാനാണ് ജൂഡ് മേയറെ കണ്ടത്. എന്നാൽ പാർക്ക് വിട്ടുനൽകില്ലെന്ന നിലപാടിലായിരുന്നു മേയർ. കാലികപ്രസക്തിയുള്ള വിഷയവുമായി ബന്ധപ്പെട്ട ചിത്രമായതിനാൽ മന്ത്രിയടക്കമുള്ളവർ പാർക്ക് ഷൂട്ടിംഗിന് നൽകണമെന്ന് മേയറോട് ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ മേയർ തന്റെ നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു.
മേയറെ ജൂഡ് ഭീഷണിപ്പെടുത്തുകയോ അപകീർത്തികരമായി പെരുമാറുകയോ ചെയ്തിട്ടില്ലെന്നും പാർക്ക് ലഭിക്കില്ലെന്ന് അറിഞ്ഞതോടെ ദേഷ്യപ്പെട്ട് വാതിൽ അടയ്ക്കുക മാത്രമാണ് ചെയ്തതെന്നുമാണ് സംവിധായകനുമായി അടുത്തവൃത്തങ്ങൾ പറയുന്നത്. സംഭവത്തിൽ മാപ്പ് പറയാൻ തയാറായി ജൂഡ് ഒാഫീസിൽ എത്തിയെങ്കിലും മേയർ പരാതി നൽകുകയായിരുന്നുവെന്നാണ് വിവരം.
ബോധിനിയുടെ സഹകരണത്തോടെ നിർമിക്കുന്ന ഷോർട്ട് ഫിലിമിൽ പ്രതിഫലം മേടിക്കാതെയാണ് നിവിൻ പോളിയും ജൂഡും പങ്കുചേരുന്നത്. പാർക്ക് ലഭിക്കാത്തതിനെത്തുടർന്ന് മറ്റൊരു സ്ഥലത്ത് ചിത്രത്തിന്റെ ഷൂട്ടിംഗ് ബുധനാഴ്ച ആരംഭിച്ചു. സംവിധായകനെതിരേ മേയർ പരാതിയുമായി രംഗത്തുവന്നതോടെ വിഷയത്തിൽ ഫെഫ്കയും ഇടപെട്ടിട്ടുണ്ട്.