പാര്‍വതിയും പൃഥ്വിരാജും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം, മൈ സ്റ്റോറിയിലെ ഗാനത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ ആക്രമണം നടക്കുന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി സംവിധായകന് ജൂഡ് ആന്റണി ജോസഫ്. എന്നാല്‍ സിനിമയുടെ പേരോ പാര്‍വതിയുടെ പേരോ ജൂഡ് എടുത്ത് പറഞ്ഞിട്ടില്ല.
‘ഒരാളെ ഇഷ്ടമല്ല എന്നു കരുതി ഒരു സിനിമയുടെ പാട്ടിനു പോയി ഡിസ്ലൈക്ക് അടിക്കുന്നത് തികച്ചും കാടത്തം. സപ്പോര്‍ട്ട് സിനിമ’. എന്നാണ് ജൂഡിന്റെ കുറിപ്പ്.
റോഷ്ണി ദിനകറിന്റെ സംവിധാനത്തിലൊരുങ്ങുന്ന പാര്‍വതിയും പൃഥ്വിരാജും നായകരാകുന്ന ‘മെ സ്റ്റോറി’യിലെ ഗാനത്തിനും ഗാനത്തിന്റെ മേക്കിംഗ് വീഡിയോയ്ക്കും എതിരെയാണ് സോഷ്യല്‍ മീഡിയയില്‍ ഡിസ്ലൈക്ക് ആക്രമണങ്ങള്‍ നടക്കുന്നത്. കൂടാതെ വീഡിയോയ്ക്ക് താഴെ പാര്‍വതിക്കെതിരെയുള്ള കമന്റുകളുമുണ്ട്.
പാര്‍വതി അഭിനയിച്ചതിനാല്‍ ഈ ചിത്രം കാണില്ലെന്നും ഈ ഡിസ്ലൈക്കുകള് ഒന്നും ഈ ചിത്രത്തിനുള്ളതല്ല പാര്‍വതി എന്ന നടിക്കെതിരെയാണെന്ന് എന്ന് തുടങ്ങിയാണ് കമന്റുകള്‍. ഒരു ദിവസം കൊണ്ട് രണ്ടായിരം ലൈക്ക് നേടിയ വീഡിയോയ്ക്ക് മുപ്പതിനായിരത്തോളം ഡിസ്ലൈക്കുകളും ലഭിച്ചുകഴിഞ്ഞിരുന്നു. കസബ എന്ന ചിത്രത്തെ വിമര്‍ശിച്ച പാര്വതിയ്ക്കെതിരം രംഗത്തുവന്ന പ്രമുഖരില്‍ ഒരാളാണ് ജൂഡ് ആന്റണി.