വി.ശ്രീകാന്ത്
ഒരേ നാട്ടുകാർ, ഒരേ മേഖലയിൽ ജോലി ചെയ്യുന്നവർ തമ്മിൽ ഒരു അസ്വാരസ്യം ഉണ്ടായാൽ അത് പരസ്പരം പറഞ്ഞ് തീർത്ത് മുന്നോട്ട് പോകുകയല്ലേ വേണ്ടത്…
അതിന് പകരം ഒരാൾ മറ്റൊരാൾക്കെതിരെ ആഞ്ഞടിച്ച് സ്റ്റാറാകാൻ നോക്കിയതോടെ കഥ ആകെ മാറി. വിജയം തലയ്ക്ക് പിടിച്ച് വായിൽ തോന്നിയത് വിളിച്ച് പറയുന്നൊരാൾ എന്ന നിലയിലേക്ക് ജൂഡ് ആന്തണി ജോസഫ് മാറിയെന്നാണ് പ്രേക്ഷകർ വിലയിരുത്തുന്നത്.
2018 എന്ന സിനിമയുടെ വിജയത്തിന് ശേഷം നൽകിയ അഭിമുഖത്തിൽ നടൻ ആന്റണി വർഗീസ് പെപ്പേയ്ക്കെതിരേയാണ് ജൂഡ് ആഞ്ഞടിച്ചത്. എന്നാൽ ആന്റണി തെളിവ് സഹിതം ആരോപണങ്ങളുടെ മുനയൊടിച്ചതോടെ സംവിധായകൻ ആകെ മൊത്തത്തിൽ പെട്ട അവസ്ഥയിലാണ്.
ഒഴുക്കൻ മട്ടിൽ ഒരു മാപ്പ് ജൂഡ് തട്ടിവിട്ടിട്ടുണ്ട്. അവിടെയും ഇവിടെയും കേട്ടത് കൂട്ടിയോജിപ്പിച്ച് ഒരാളെ മനഃപൂർവം ഉപദ്രവിക്കുന്ന പ്രതിഭാസത്തിന് ആന്റണി ഇനി മാപ്പ് കൊടുത്താലും ആന്റണിയുടെ അമ്മ ജൂഡിനെതിരേ കൊടുത്ത കേസ് അതിന്റെ വഴിക്ക് തന്നെ പോകാനാണ് സാധ്യത്.
വിജയം ആഘോഷിക്കേണ്ട ഈ വേളയിൽ കേസ് ഒതുക്കി തീർക്കാൻ ഓടി നടക്കേണ്ട ഗതിഗേകടിലാണ് ഇപ്പോൾ ജൂഡ്. നിർമാതാവിൽ നിന്നും 10 ലക്ഷം അഡ്വാൻസ് വാങ്ങിയിട്ട് സിനിമ തുടങ്ങാനിരിക്കെ ആന്റണി വര്ഗീസ് ചിത്രത്തിൽ നിന്നു പിന്മാറിയെന്നും ഇതിന്റെ അഡ്വാന്സ് ഉപയോഗിച്ചാണ് ആന്റണി സഹോദരിയുടെ വിവാഹം നടത്തിയതെന്നും ജൂഡ് പറഞ്ഞിരുന്നു. പിന്നാലെയാണ് ഈ വിഷയത്തില് പ്രതികരണവുമായി ആന്റണി രംഗത്തെത്തിയത്.
കെട്ടുകഥ ഏറ്റില്ല
2018 സിനിമ വിജയിച്ചതിന്റെ ആവേശത്തിൽ താൻ തട്ടിവിടുന്നതെല്ലാം ജനം അപ്പാടെ വിശ്വസിച്ചോളുമെന്നാണ് സംവിധായകൻ ജൂഡ് കരുതിയത്. വളരെ നിഷ്കളങ്കമായി നടൻ ആന്റണിക്കെതിരെയുള്ള കാര്യങ്ങൾ അഭിമുഖത്തിൽ വിളന്പുന്പോൾ കേട്ട് നിന്നവർ ആന്റണി ഇങ്ങനെയുള്ളവനോയെന്ന് മൂക്കത്ത് വിരൽവെച്ചു.
രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം പെപ്പേ തെളിവുകൾ ഒന്നൊന്നായി നിരത്തിയപ്പോൾ ജൂഡിന്റെ കഥ വെറും കെട്ടുക്കഥയായി മാറുകയായിരുന്നു.
പണം മേടിച്ച ദിവസവും തിരികെ നൽകിയ ദിവസവും അനിയത്തിയുടെ കല്യാണം നടന്ന ദിവസവുമെല്ലാം തമ്മിൽ ജൂഡ് പറഞ്ഞതിനോട് ചേരുംപടി ചേരാത്ത അവസ്ഥ’. സിനിമാക്കാരെ സിനിമാക്കാർ തന്നെ ഇങ്ങനെ ഇകഴ്ത്തി കാണിക്കുന്പോൾ പ്രേക്ഷകർക്ക് ഒരേ സ്വരത്തിൽ ഒന്നേ പറയാനുള്ളു അയ്യയ്യേ ഇത് നാണക്കേട്.
വീട്ടുകാരെ തൊട്ടാൽ കേസ്
ആർക്കായാലും വീട്ടുകാരെ തൊട്ടാൽ പൊള്ളും. ഇവിടെ ആന്റണിക്കും പൊള്ളി. പ്രമുഖനായ സംവിധായകന്റെ വ്യക്തിഹത്യക്കെതിരെയും സോഷ്യൽ മീഡിയയിലും മറ്റും ആന്റണിയുടെ വീട്ടുകാർക്ക് നേരിടേണ്ടി വന്ന അപമാനത്തിന്റെയും ഫലമായി ജൂഡിനെതിരേ ഒടുവിൽ കേസ് കൊടുക്കാനാണ് ആന്റണിയുടെ മാതാവ് തീരുമാനിച്ചത്.
വലിയൊരു വിജയത്തിനൊപ്പം അനാവശ്യമായി ഒരു വിവാദത്തിലേക്ക് സ്വയം എടുത്തു ചാടുകയാണ് ജൂഡ് ചെയ്തത്. പണ്ട് മുതലേ ഒന്ന് പറഞ്ഞാൽ രണ്ടെണ്ണം തിരിച്ച് പറയുന്ന സ്വഭാവമാണ് ജൂഡിനുള്ളത്.
ഇവിടെ പക്ഷേ സ്വയം കുഴിച്ച കുഴിയിൽ ചാടി മറ്റുള്ളവരുടെ അപ്രീതി വാങ്ങിച്ച് കൂട്ടിയിരിക്കുകയാണ് ജൂഡ്. താൻ ചെയ്തത് തെറ്റാണെന്നും ആന്റണിയുടെ വീട്ടുകാരെ ഇതിലേക്ക് വലിച്ചിടേണ്ടിയിരുന്നില്ലായെന്നെല്ലാം ജൂഡ് ഏറ്റു പറഞ്ഞെങ്കിലും രണ്ട് ദിവസം കൊണ്ട് സോഷ്യൽ മീഡിയയിൽ നിന്ന് ആന്റണിയുടെ വീട്ടുകാർ നേരിട്ട അപമാനത്തിന് ആ ഏറ്റു പറച്ചിൽ പരിഹാരമാകില്ലല്ലോയെന്നാണ് ജനം ചോദിക്കുന്നത്.
ചുമ്മാതൊരു മാപ്പ്…
നടൻ ബാല ഉണ്ണിമുകുന്ദനെതിരേ ആരോപണങ്ങളുമായി വന്നപ്പോൾ ഉണ്ണി അതിനെ നേരിട്ടത് തെളിവുകൾ നിരത്തിയാണ്. ഇവിടെ ആന്റണിയും അതെ സമീപമാണ് സ്വീകരിച്ചത്. ഉണ്ണി കാട്ടിയ മിതത്വവും എളിമയുമെല്ലാം ആന്റണിയിലും കാണാൻ കഴിഞ്ഞു.
ഒരാളെ പച്ചയ്ക്ക് അസഭ്യം പറയുന്നതിനെക്കാൾ നല്ലത് സഭ്യമായ ഭാഷയിൽ മറുപടി കൊടുക്കുകയാണല്ലോ. അതിവിടെ “ബിഗ് ബ്രദറെന്ന്’ അഭിസംബോധന ചെയ്ത് കൊണ്ട് ആന്റണി നല്ലവണ്ണം താങ്ങി.
എന്നെ ജീവിക്കാൻ വിടൂ, മറ്റുള്ളവരുടെ കഞ്ഞിയിൽ പാറ്റയിടാതിരിക്കൂവെന്ന് ആന്റണി പറഞ്ഞ് വെയ്ക്കുന്പോൾ ജൂഡ് തന്റെ വാവിട്ട വാക്ക് തെറ്റായി പോയെന്നു പറഞ്ഞ് ആന്റണിയോട് മാപ്പ് പറഞ്ഞിട്ടുണ്ട്.
ഇനിയിപ്പോൾ ആന്റണി മാപ്പ് കൊടുക്കുമോ അതോ കേസുമായി മുന്നോട്ട് പോകുമോയെന്നെല്ലാം കാത്തിരുന്ന് കാണേണ്ട കാര്യമാണ്.