ന്യൂഡൽഹി: പശുവിനെ ദേശീയ മൃഗമാക്കണമെന്ന വിധി പ്രഖ്യാപിച്ചു വിവാദത്തിലായ രാജസ്ഥാൻ ഹൈക്കോടതി ജഡ്ജി മഹേഷ് ചന്ദ്ര ശർമയുടെ മറ്റു ചില കണ്ടെത്തലുകളും ആഘോഷിച്ചു സോഷ്യൽ മീഡിയ. സർവീസിൽനിന്നു വിരമിക്കുന്നതിനു തൊട്ടുമുന്പു നടത്തിയ വിധി പ്രസ്താവത്തിലാണ് പശുവിനെ ദേശീയ മൃഗമാക്കമെന്നും പശുവിനെ കൊല്ലുവന്നവർക്കുള്ള ശിക്ഷ ജീവപര്യന്തമാക്കണമെന്നും ജഡ്ജി കേന്ദ്രസർക്കാരിനോടു ശിപാർശ ചെയ്തത്. ഇതിനു പിന്നാലെ മാധ്യമങ്ങൾക്കു മുന്നിലെത്തിയ ജഡ്ജി നടത്തിയ ചില പരാമർശങ്ങളാണ് അതിലേറെ രസകരവും അന്പരപ്പിക്കുന്നതുമായത്.
പശു വിശുദ്ധ ജീവിതം നയിക്കുന്ന ജീവിയാണെന്നും മയിലിനെപ്പോലെയാണെന്നുമായിരുന്നു ജഡ്ജിയുടെ കണ്ടെത്തൽ. മയിൽ ബഹ്മചാരിയായ പക്ഷിയാണെന്നും അതുകൊണ്ടാണ് അതിനെ ദേശീയ പക്ഷിയായി പ്രഖ്യാപിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മയിലുകൾ ഇണചേരാറില്ലെന്നും പെണ്മയിൽ ആണ് മയിലിന്റെ കണ്ണീരുകുടിച്ചാണ് ഗർഭം ധരിക്കുന്നതെന്നുമായിരുന്നു ജഡ്ജിയുടെ വാദം.
എന്നാൽ, എല്ലാ പക്ഷികളെയും പോലെ തന്നെ മയിലുകളും ഇണ ചേരുകയും മുട്ടയിടുകയുമാണ് ചെയ്യുന്നത്. കണ്ണീരുകുടിച്ചു ഗർഭംധരിക്കുമെന്ന വിവരം ജഡ്ജിക്ക് എവിടെനിന്നാണ് കിട്ടിയതെന്നാണു വിമർശകർ ചോദിക്കുന്നത്. ചിലർ പോസ്റ്റിനൊപ്പം മയിൽ ഇണ ചേരുന്ന ചിത്രവും ഇട്ടിട്ടുണ്ട്. തന്റെ ആത്മാവിൽനിന്നുള്ള പ്രചോദനം അനുസരിച്ചാണു വിധി പ്രസ്താവിക്കുന്നതെന്നു പറയാൻ ഒരു ജഡ്ജിക്ക് എങ്ങനെ കഴിയുമെന്നും ചോദിക്കുന്നു.
ഹിന്ദുത്വവാദികളെ സുഖിപ്പിച്ചു വിരമിച്ചശേഷം എന്തെങ്കിലും പദവികൾ നേടാനുള്ള ജഡ്ജിയുടെ തന്ത്രമായിരുന്നു ഈ വിധിയും പരാമർശങ്ങളുമെന്നാണ് വിമർശകരുടെ ആരോപണം. മതബോധത്തിൽനിന്നാണ് വിധിയെങ്കിൽ ഇദ്ദേഹം നേരത്തെ പ്രസ്താവിച്ച വിധികൾ പുനഃപരിശോധിക്കാൻ സുപ്രിം കോടതി തയാറാവണമെന്നും വിമർശകർ ആവശ്യപ്പെട്ടു. നേരത്തെ, ഏറ്റവും കൂടുതൽ ഒാക്സിജൻ പുറത്തുവിടുന്ന മൃഗമാണ് പശുവെന്ന തരത്തിലും പ്രചാരമുണ്ടായിരുന്നു. സോഷ്യൽ മീഡിയയിൽ പശുവിനെക്കുറിച്ച് ശാസ്ത്രീയമായ അടിത്തറയില്ലാത്ത പല പ്രചരണങ്ങളും നടക്കുന്നുണ്ട്.