‘ഇന്ത്യയില്‍ ഇപ്പോഴും ഇങ്ങനെയുള്ള ന്യായാധിപന്മാരുണ്ട് എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു..’ മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ച ചിത്രവും കുറിപ്പും രാജ്യമെങ്ങും ചര്‍ച്ചയാവുകയാണ്. തെലങ്കാനയിലെ ഭൂപാല്‍പ്പള്ളി ജില്ലാ കോടതിയില്‍ നടന്ന ഒരു സംഭവമാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന് ആധാരം.
കോടതിയുടെ പടികള്‍ കയറാന്‍ വയ്യാതിരുന്ന വൃദ്ധയുടെ അടുത്തേക്ക് അവരുമായി ബന്ധപ്പെട്ട ഫയലുകളുമായി ജഡ്ജി ഇറങ്ങി വരികയും ആ പടിക്കെട്ടില്‍ ഇരുന്ന് അവര്‍ക്ക് നീതി നല്‍കുകയും ചെയ്തു. മുടങ്ങിയപ്പോയ പെന്‍ഷന്‍ ലഭിക്കുന്നതിനായി വൃദ്ധ നടത്തിയ രണ്ടു വര്‍ഷം നീണ്ട പോരാട്ടത്തിനാണ് ജഡ്ജിയുടെ സന്മനസിനെത്തുടര്‍ന്ന് അന്ത്യമായത്.
പ്രായത്തിന്റെ ബുദ്ധിമുട്ട് കൊണ്ട് കോടതിയുടെ പടിക്കെട്ട് കയറാനാവാതെ അവിടെ ഇരിക്കുകയായിരുന്നു വൃദ്ധ. കോടതിയിലെ ക്ലര്‍ക്ക് പറഞ്ഞാണ് ജഡ്ജായ അബ്ദുള്‍ ഹസീം വിവരമറിഞ്ഞത്. തുടര്‍ന്ന് അങ്ങോട്ട് പോകാമെന്ന് ജഡ്ജി തീരുമാനിക്കുകയായിരുന്നു.
പ്രധാനപ്പെട്ട ഫയലുകളുമെടുത്ത് ജഡ്ജി കോടതിക്ക് മുന്നിലെ പടിക്കെട്ടിലെത്തി. വൃദ്ധയായ സ്ത്രീയുടെ പ്രശ്നങ്ങള്‍ കേള്‍ക്കുകയും കേസില്‍ പരിഹാരം വിധിക്കുകയും ചെയ്തു. രണ്ടുവര്‍ഷമായി പരിഹാരമില്ലാതെ കിടന്ന കേസാണ് ഇങ്ങനെ ഞൊടിയിടയില്‍ തീര്‍പ്പായത്.