കോടതി മുറിയിൽ വിചാരണയ്ക്കിടെ ഇറങ്ങിയോടിയ പ്രതികളെ ജഡ്ജി ഓടിച്ചിട്ട് പിടികൂടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. വാഷിംഗ്ടണിലെ ചെഹാലിസിലാണ് സംഭവം.
വിചാരണ നടന്നു കൊണ്ടിരിക്കെ കൈവിലങ്ങുമായാണ് പ്രതികൾ ഇറങ്ങിയോടിയത്. ജഡ്ജിയുൾപ്പടെ മുറിയിലുണ്ടായിരുന്നവർ ആദ്യം പകച്ചു പോയെങ്കിലും കസേരയിൽ നിന്നും ചാടിയെഴുന്നേറ്റ ജഡ്ജി, ധരിച്ചിരുന്ന ഗൗണ്‍ ഉൗരിയതിനു ശേഷം ഇവർക്കു പിന്നാലെ ഓടുകയായിരുന്നു.
പ്രതികളിലൊരാളെ പിടികൂടാൻ ജഡ്ജിക്കു സാധിച്ചിരുന്നു. അൽപ്പസമയത്തിനു ശേഷം സുരക്ഷാ ഉദ്യോഗസ്ഥർ അടുത്തയാളെയും പിടികൂടി. ആർ. ഡബ്ലൂ. ബുസാർഡ് എന്നാണ് ഈ ജഡ്ജിയുടെ പേര്. കസ്റ്റഡിയിൽ നിന്നും രക്ഷപെടാൻ ശ്രമിച്ചുവെന്ന കേസും ഇരുവർക്കുമെതിരെ സ്വീകരിച്ചിട്ടുണ്ട്.