ടെൽ അവീവ്: ഇസ്രയേലിലെ വലതുപക്ഷ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ജുഡീഷറിയുടെ അധികാരം കുറയ്ക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം കനക്കുന്നു.
പതിനായിരക്കണക്കിന് പ്രതിഷേധക്കാരാണ് രാജ്യത്തുടനീളം തെരുവുകളിൽ നിറഞ്ഞത്. ഇസ്രയേലിൽ ഇതിനു മുന്പ് ഇത്രമാത്രം ജനപങ്കാളിത്തമുള്ള പ്രക്ഷോഭം ഉണ്ടായിട്ടില്ലെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇസ്രയേലിലെ പബ്ലിക് കാൻ ടെലിവിഷൻ ചാനൽ ഞായറാഴ്ച നടത്തിയ ഒരു സർവേയിൽ 31 ശതമാനം ഇസ്രേലികൾ മാറ്റത്തെ അനുകൂലിച്ചപ്പോൾ 43 ശതമാനം പേർ എതിർത്തു.
ജറൂസലെം-ടെൽ അവീവ് ഹൈവേയിൽ പ്രകടനം നടത്തിയ പ്രതിഷേധക്കാർക്കു നേരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. 42 പേരെ അറസ്റ്റ് ചെയ്തു. ഇസ്രയേലിന്റെ വ്യാപാര കേന്ദ്രമായ ടെൽ അവീവിൽ നൂറുകണക്കിന് പോലീസുകാരെ വിന്യസിച്ചു.
ജറൂസലെമിലേക്കുള്ള പ്രവേശനകവാടത്തിൽ പ്രതിഷേധക്കാരെ പോലീസ് ബലപ്രയോഗത്തിലൂടെയാണ് ഒഴിപ്പിച്ചത്.മന്ത്രിമാരുടെ തീരുമാനങ്ങൾ പുനഃപരിശോധിക്കാനുള്ള സുപ്രീംകോടതിയുടെ അധികാരം എടുത്തുകളയുന്ന ബില്ലാണു പ്രതിഷേധത്തിനു കാരണമായത്.
തിങ്കളാഴ്ച പാർലമെന്റിൽ അവതരിപ്പിച്ചതിനു പിന്നാലെയാണു പ്രക്ഷോഭം ആരംഭിച്ചത്. പ്രതിഷേധങ്ങൾക്കിടയിൽ, കോടതി അധികാരങ്ങൾ പരിമിതപ്പെടുത്തുന്നതിനുള്ള വിവാദ ബിൽ ഇസ്രയേൽ പാർലമെന്റ് അംഗീകരിച്ചു.
പ്രക്ഷുബ്ധമായ പാർലമെന്റ് സമ്മേളനത്തിനു ശേഷം ബിൽ ആദ്യവായനയിൽ 56നെതിരേ 64 വോട്ടുകൾക്കു പാസായി.