ചേർത്തല: രാജ്യവിരുദ്ധമായ ആർഎസ്എസ് അജണ്ട ഇന്ത്യൻ ഭരണാധികാരികളുടെ മുഖ്യ പരിഗണനയാകുന്ന അപകടരമായ സാഹചര്യത്തിൽ ഭരണഘടനാ മൂല്യങ്ങൾ മുറുകെപ്പിടിക്കാൻ ജുഡീഷ്യറി ആർജവം കാട്ടണമെന്ന് എൽഡിഎഫ് കണ്‍വീനർ എ. വിജയരാഘവൻ പറഞ്ഞു. സിഐടിയു സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ചേർത്തല ഏരിയ സ്വാഗതസംഘം സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാഷ്മീരും പൗരത്വവും രാമക്ഷേത്രവും അതിവേഗം ബിജെപി സർക്കാർ കൈകാര്യംചെയ്തെങ്കിലും രാജ്യം അഭിമുഖീകരിക്കുന്ന മൗലിക പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് നടപടിയില്ല. ഭൂരിപക്ഷ ആധിപത്യം സ്ഥാപിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ന്യൂനപക്ഷങ്ങളിൽ മാത്രമല്ല, ജനാധിപത്യ വിശ്വാസികളിലാകെ ആശങ്കയാണ് പടരുന്നത്. ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും അടിത്തറ വെല്ലുവിളിയിലാണ്.
ഭരണഘടനാ മൂല്യങ്ങൾക്ക് പകരം മതപരമായ വിശ്വാസത്തിനും ആചാരത്തിനും പരിഗണന നൽകുന്ന സുപ്രീംകോടതി അറിഞ്ഞോ അറിയാതെയോ ഭരണാധികാരികളുടെ മതരാഷ്ട്രീയ താൽപ്പര്യത്തിനൊപ്പം നിൽക്കുന്നതായി ആശങ്ക പടരുന്നു. അപകടകരമായ ഭരണകൂട നീക്കങ്ങൾക്ക് എതിരെ ശക്തമായ ജനകീയ പോരാട്ടം ഉയർത്തണമെന്നും വിജയരാഘവൻ പറഞ്ഞു. ’ഇന്ത്യൻ ജനാധിപത്യവും ജുഡീഷ്യറിയും’ എന്ന വിഷയം ഡോ. സെബാസ്റ്റ്യൻ പോൾ അവതരിപ്പിച്ചു.
സുപ്രീംകോടതി നിലപാടുകളിലും വിധികളിലും വൈരുധ്യങ്ങൾ പ്രകടമാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കോടതികളുടെ തെറ്റായ സമീപനങ്ങൾക്ക് എതിരെ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് എതിർപുകൾ ഉയരണമെന്നും അദ്ദേഹം പറഞ്ഞു. മുനിസിപ്പൽ മൈതാനിയിൽ നടന്ന സെമിനാറിൽ സ്വാഗതസംഘം ചെയർമാൻ കെ. രാജപ്പൻനായർ അധ്യക്ഷനായി.
കണ്‍വീനർ പി. ഷാജിമോഹൻ സ്വാഗതംപറഞ്ഞു. ജി. പ്രിയദർശൻതന്പി, പി.പി ചിത്തരഞ്ജൻ, സി.ബി. ചന്ദ്രബാബു, എച്ച്. സലാം, എൻ.ആർ. ബാബുരാജ്, വി.എ. പരമേശ്വരൻ, പി.ടി. പ്രദീപ്, കെ. സുരേശ്വരി, കെ.കെ. ചെല്ലപ്പൻ എന്നിവർ പ്രസംഗിച്ചു.