രോഗങ്ങളില്ലാത്ത അവസ്ഥയാണ് വാസ്തവത്തിൽ ജീവിതത്തിലെ വലിയ സന്തോഷമെന്നു പറയാം. അത്തരം ഭാഗ്യം സിദ്ധിച്ചവർ ചുരുക്കം. അസുഖം വന്നാൽ കാരണം കണ്ടെത്തി ചികിത്സിച്ചു ഭേദപ്പെടുത്തുകയാണല്ലോ നാട്ടുനടപ്പ്.
പക്ഷേ, രോഗകാരണം കണ്ടെത്താനാകുന്നില്ലെങ്കിലോ…മനഃസമാധാനം വിദൂരസ്വപ്നമാകും. പത്തു വർഷമായി ഒരു നിഗൂഢരോഗം കാരണം മനഃസമാധാനവും സാധാരണ ജീവിതവും നഷ്ടമായ അനുഭവമാണ് ഇംഗ്ലണ്ടിലെ ജൂഡി വിൽഷെർ എന്ന എഴുപത്തൊന്നുകാരി പറയുന്നത്.
എപ്പോൾ എന്തു കഴിച്ചാലും ഛർദിക്കുന്നു…അതാണ് ജൂഡിയുടെ പ്രശ്നം. മഞ്ഞവെള്ളം ഛർദിച്ചുഛർദിച്ച് ജൂഡി എല്ലും തോലുമായി. ശരീരം ദുർബലമായി. ഭക്ഷണവും അതു വഴി അവശ്യ പോഷകങ്ങളും ശരീരത്തിലെത്താതായതോടെ നന്നായി ക്ഷീണിച്ചു. ശരീരഭാരം കാര്യമായി കുറഞ്ഞു. മനഃസ്വസ്ഥത നശിച്ചു. സന്തോഷങ്ങളുടെ നിറങ്ങൾ ജൂഡിയുടെ ജീവിതത്തിൽ നിന്നു മങ്ങിയടർന്നു!
എല്ലാം ആ സർജറിക്കു ശേഷം
അന്നനാളത്തിനും ആമാശയത്തിനും ഇടയിലുള്ള വാതിലാണ് ലോവർ ഈസോഫാഗൽ സ്ഫിംഗ്റ്റർ എന്ന പേശീവലയം. അക്ലേഷിയ എന്ന രോഗമുള്ളവരിൽ ഭക്ഷണം വിഴുങ്ങുന്പോൾ ഈ വാതിൽ തുറക്കില്ല. ഫലമോ, ഭക്ഷണം ആമാശയത്തിലെത്തില്ല.
അതു തികട്ടി പുറത്തേക്കുവരും. ജൂഡിയുടെ പ്രശ്നങ്ങളുടെ തുടക്കം അവിടെയായിരുന്നു. അതിനു ചികിത്സ തേടിയാണ് 2008 ൽ അവർ ഡോക്ടറെ സമീപിച്ചത്.
പ്രതിവിധിയായി നിർദേശിച്ചതു സർജറി. പക്ഷേ, ആ സർജറിയിൽനിന്നു പുതിയ പ്രശ്നം തുടങ്ങി. ജൂഡി നിരന്തരം ഛർദിച്ചുകൊണ്ടേയിരുന്നു. അന്നനാളത്തിലെ പ്രശ്നത്തിന് ആദ്യ സർജറിയിൽ ഫലംകണ്ടില്ല. വീണ്ടും നാലു സർജറിക്കുകൂടി ജൂഡി വിധേയയായി. എന്നിട്ടും പ്രശ്നങ്ങൾക്ക് അവസാനമായില്ല.
ഗോൾഫ് ബോൾ കുടുങ്ങിയപോലെ!
‘തൊണ്ടയിൽ ഒരു ഗോൾഫ് ബോൾ കുടുങ്ങിയ പോലെ എനിക്കു തോന്നി. നന്നായി ശ്വാസംമുട്ടുന്നുണ്ടായിരുന്നു. നാൾക്കുനാൾ ശരീരം മെലിഞ്ഞു ദുർബലമായി…’ജൂഡി ആ ദിവസങ്ങളെ ഓർത്തെടുത്തു. ‘കൊച്ചുമക്കളുമായി കൂടാനാകാതെ ഞാൻ വേദനിച്ചു.
അവരുമായി കളിക്കാനുള്ള ആരോഗ്യം നഷ്ടമായിരുന്നു. തൂക്കം കുറഞ്ഞതോടെ ആകുലതകൾ കൂടി വന്നു. ആർക്കും എന്നെ സഹായിക്കാനാവുന്നില്ലല്ലോ…ആരുമെന്റെ വേദനകൾ അറിയുന്നില്ലല്ലോ…ഭീതിയും ഉത്കണ്ഠയും ഏറിവന്ന നാളുകൾ.
രോഗത്തിന്റെ പിന്നിലെ നിഗൂഢതകൾ കണ്ടെത്താൻ ആരെങ്കിലും സഹായിച്ചിരുന്നെങ്കിൽ…’ ജൂഡി അതിതീവ്രമായി ആഗ്രഹിച്ചു. രോഗകാരണം കണ്ടെത്താനാകാതെ വൈദ്യശാസ്ത്രം കുഴങ്ങി. തെറ്റായ രോഗനിർണയവും ചികിത്സയുമാണ് നടക്കുന്നതെന്നു ജൂഡി അറിഞ്ഞില്ല; അവരെ ചികിത്സിച്ച ഡോക്ടർമാരും.
നേരറിയാൻ ‘ഡിറ്റക്ടീവ്സ്’!
ഒടുവിൽ ജൂഡിക്കു തുണയായി വന്നതു ബിബിസിയുടെ ‘ഡയഗ്നോസിസ് ഡിറ്റക്ടീവ്സ്’ എന്ന ആരോഗ്യപരിപാടി. മറ്റു ഡോക്ടർമാർ അടിയറവു പറഞ്ഞ രോഗികളെയാണ് ഈ പരിപാടിയിലേക്കു പരിഗണിക്കുന്നത്.
തങ്ങളുടെ ജീവിതംതന്നെ മാറ്റിമറിച്ച വിചിത്ര ലക്ഷണങ്ങളോടെ വരുന്ന രോഗികളെ ഡോക്ടർമാരുടെ ഒരു പാനൽ പരിശോധിച്ചു രോഗകാരണം കണ്ടെത്തുന്നതിന്റെ ശ്രമകരമായ വഴികളാണ് ആ പരിപാടിയിൽ കാണാനാവുക. നിരവധി രോഗികളുടെ വേദനകളിൽ തലോടലായത് അവരുടെ ശ്രമങ്ങളും കണ്ടെത്തലുകളുമാണ്.
ബിബിസി ഷോയിലെത്തിയ ജൂഡിയെ വടക്കൻ ലണ്ടനിലെ വെല്ലിംഗ്ടണ് ആശുപത്രിയിലേക്കു കൊണ്ടുപോയി. തനിക്കു കാൻസറാണെന്നു ജൂഡി പരിഭ്രമിച്ചു. ഗാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ.ഷിഡ്രായി ജൂഡിയെ പരിശോധിച്ചു. 2008ൽ നടത്തിയ സർജറിയിൽ ജൂഡിയുടെ വേഗസ് നാഡിക്കു കേടുപറ്റിയതായി ഡോക്ടർ അനുമാനിച്ചു.
തലച്ചോറിൽനിന്ന് അടിവയറ്റിലേക്കു നീളുന്ന നാഡിയാണത്. ആമാശയത്തിലെ ആസിഡിന്റെ തോതും പരിശോധിച്ചു. തലച്ചോറിൽനിന്നു വേഗസ് നാഡിയിലൂടെ എത്തുന്ന സന്ദേശങ്ങൾ ജൂഡിയുടെ പാൻക്രിയാസിലാണ് എത്തുന്നതെന്ന അനുമാനത്തിൽ ഡോക്ടർ പരിശോധനകൾ തുടർന്നു.
ഒടുവിൽ, അതു കണ്ടെത്തി…
‘ വേഗസ് നാഡി കൃത്യമായി പ്രവർത്തിക്കാത്തതാണ് ഛർദിക്കു കാരണമാകുന്നതെന്നു ഡോക്ടർ പറയുന്നു. പരിഹാരമുണ്ട്. പക്ഷേ, നൂറു ശതമാനം ഉറപ്പു തന്നിട്ടില്ല. ചില ടെസ്റ്റുകൾ കൂടിയുണ്ട്…
’മകളോടു ഫോണിൽ സംസാരിക്കവെ ജൂഡിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ഒടുവിൽ തന്റെ വേദനകളുടെ കാരണം കണ്ടെത്തിയിരിക്കുന്നു… അത്രയുമായല്ലോ. കുറച്ചുകാത്തിരുന്നാൽ, പഴയ ജീവിതത്തിലേക്കു മടങ്ങാനാകുമല്ലോ.
പത്തു വർഷത്തെ നിഗൂഢവേദനകളിൽ നിന്നു ജൂഡി പുറത്തേക്കു വരികയാണ്. ടെസ്റ്റുകൾ അവസാനിച്ചപ്പോൾ ഡോക്ടർ ആ രഹസ്യം വെളിപ്പെടുത്തി… ‘വേഗസ് നാഡിക്കു കേടു പറ്റിയതാണ് രോഗകാരണം. പരിഹാരമായി സർജറിയിലൂടെ ഒരു വാൽവ് ഘടിപ്പിക്കണം.’
രഹസ്യം വെളിപ്പെടുത്തിയപ്പോൾ
‘അതൊരു സുവർണനിമിഷമായിരുന്നു. ജൂഡിയുടെ കണ്ണുകളിൽ വികാരങ്ങളുടെ ഒരു സമുദ്രം തുളുന്പുന്നുണ്ടായിരുന്നു. അവരുടെ ഭർത്താവിന്റെ കണ്ണുകൾക്കും പറയാനുണ്ടായിരുന്നത് അതു തന്നെയായിരുന്നു ’- ഡോ. ഷിഡ്രായി പറഞ്ഞു.
‘ജൂഡി മനസിൽ നിന്നു വിട്ടുപോകുന്നില്ല. മറ്റാരും പറയാത്ത ആ നിഗൂഢ രഹസ്യം വെളിപ്പെടുത്താനായതിന്റെ സംതൃപ്തി…അതാണ് അപ്പോൾ ഞാനറിഞ്ഞത്. ജൂഡിയെപ്പോലെയുള്ള രോഗികൾ.. അവർ സമ്മാനിക്കുന്ന വിസ്മയനിമിഷങ്ങൾ…അവയ്ക്കു ഹൃദയത്തിൽ എപ്പോഴും ഒരിടം ഉണ്ടാവും.’