ന്യൂഡൽഹി: രാജ്യത്ത് അഞ്ചാം തലമുറ (5 ജി) ടെലികോം സേവനങ്ങൾ നടപ്പാക്കുന്നതിനെതിരെ ബോളിവുഡ് താരം ജൂഹി ചൗള കോടതിയെ സമീപിച്ചു.
5ജിക്ക് എതിരെ ഡൽഹി ഹൈക്കോടതിയെയാണ് ജൂഹി ചൗള സമീപച്ചിരിക്കുന്നത്. സാങ്കേതികവിദ്യയ്ക്ക് എതിരല്ലെന്നും എന്നാൽ പരിസ്ഥിതിക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് പ്രധാനമാണെന്നും അവർ ഹർജിയിൽ പറയുന്നു.
5 ജി സാങ്കേതിക വിദ്യ അപകടകരവും ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഹാനികരമാണെന്നും വിശ്വസിക്കാൻ മതിയായ കാരണമുണ്ടെന്നും ഹർജി ചൂണ്ടിക്കാണിക്കുന്നുണ്ട്.
5 ജി സാങ്കേതികവിദ്യ മനുഷ്യനും മൃഗങ്ങൾക്കും പക്ഷികൾക്കും സുരക്ഷിതമാണെന്ന് സാക്ഷ്യപ്പെടുത്താൻ ബന്ധപ്പെട്ട വകുപ്പിനോട് നിർദേശിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജൂഹി ചൗളയുടെ വക്താവ് പ്രസ്താവനയിൽ പറഞ്ഞു. ഇത് നടപ്പാക്കുന്നത് സംബന്ധിച്ച് പഠനം ആവശ്യമാണെന്നും ഹർജിയിൽ പറയുന്നു.
ഇത് സംബന്ധിച്ച് പഠനങ്ങൾ നടന്നിട്ടില്ലെങ്കിൽ കാര്യക്ഷമമായ പഠനങ്ങൾ നടത്തണമെന്നും അവരുടെ വക്താവ് ആവശ്യപ്പെട്ടു.
ജസ്റ്റീസ് സി. ഹരിശങ്കറിന്റെ ബഞ്ചാണ് ഇന്ന് വിഷയം പരിഗണിച്ചത്. എന്നാൽ കേസിൽനിന്ന് പിന്മാറിയ ജസ്റ്റീസ് സി. ഹരിശങ്കർ, ഇത് ഡൽഹി ഹൈക്കോടതിയുടെ മറ്റൊരു ബഞ്ചിന് വിട്ടു. കേസിൽ ജൂണ്‍ രണ്ടിന് വീണ്ടും വാദം കേൾക്കും.