നിലന്പൂർ: ഭാര്യയെ തീകൊളുത്തിയ ബംഗാളി തൊഴിലാളി അറസ്റ്റിൽ. പശ്ചിമ ബംഗാൾ ബർദാൻ ജില്ലയിലെ ബദ്വയിലെ ജുഹിറുൽ ഇസ്ലാ (33)മിനെയാണ് നിലന്പൂർ സിഐ കെ.കെ.ഭൂപേഷ് അറസ്റ്റ് ചെയ്തത്. പെരുന്നാൾ ദിനമായ ബുധനാഴ്ചയാണ് സംഭവം. മുക്കട്ട വാടക വീട്ടിൽ വച്ച് വൈകുന്നേരം നാലരയോടെയാണ് സ്റ്റൗവിനു കരുതിവച്ച ഡീസൽ ഭാര്യയുടെ ദേഹത്തൊഴിച്ച് തീ കൊളുത്തിയത്.
പൊള്ളലേറ്റ ബംഗാളി സ്വദേശിയായ മുഹ്സിന ഹത്തും(21) മിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജുഹ്റിൽ ഇസ്ലാമിന്റെ രണ്ടാമത്തെ ഭാര്യയാണിത്. പെരുന്നാൾ സാധനങ്ങൾ വാങ്ങാൻ പുറത്തേക്കു പോയ ജുഹിറുൽ വൈകീട്ട്് നാലരയോടെയാണ് തിരിച്ചെത്തിയത്. വൈകിയെത്തിയതുമായി ബന്ധപ്പെട്ടു ഭാര്യയുമായി തർക്കത്തിലായി. ഇതിനിടയിൽ ഡീസൽ ഭാര്യയുടെ ദേഹത്ത് ഒഴിച്ച് ഇയാൾ തീകൊളുത്തുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
50 ശതമാനത്തിലധികം പൊള്ളലേറ്റ യുവതിയെ നിലന്പൂർ ജില്ലാ ആശുപത്രിയിൽ നിന്നു പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റുകയായിരുന്നു. ഇവർക്ക് 15 മാസം പ്രായമുള്ള ആണ്‍കുട്ടിയുണ്ട്. കുട്ടിയെ നിലന്പൂരിലെ സ്നേഹാലയത്തിലേക്കു മാറ്റി. വധശ്രമത്തിനാണ് ജുഹിറുലിനെതിരേ പോലീസ് കേസെടുത്തിട്ടുള്ളത്.