വേനല്‍ക്കാല പാനീയങ്ങള്‍

വേനല്‍ച്ചൂടില്‍ തളരാതിരിക്കാനായി ഇതാ ഏഴുതരം പാനീയങ്ങള്‍… എളുപ്പത്തില്‍ തയാറാക്കാവുന്ന ഈ പാനീയങ്ങളാണ് ഇത്തവണ രുചിക്കൂട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്… ഒന്നു പരീക്ഷിച്ചു നോക്കൂ…

ഹോംമെയ്ഡ് കുലുക്കി സര്‍ബത്ത്

ചേരുവകള്‍
നാരങ്ങ -ഒരെണ്ണം
പഞ്ചസാര സിറപ്പ് -നാലു ടേബിള്‍സ്പൂണ്‍
മിന്റ് -രണ്ടു തണ്ട്
കറുത്ത കസ്‌കസ് -ഒരു ടേബിള്‍സ്പൂണ്‍
പൈനാപ്പിള്‍ ജ്യൂസ് -രണ്ടു ടേബിള്‍സ്പൂണ്‍
ഐസ്‌ക്യൂബ് -അഞ്ചെണ്ണം

തയാറാക്കുന്ന വിധം
കറുത്ത കസ്‌കസ് അരക്കപ്പ് വെള്ളത്തില്‍ പതിനഞ്ച് മിനിട്ട് കുതിരാന്‍ വയ്ക്കുക. നാരങ്ങാനീരും ബാക്കി ചേരുവകളും അരക്കപ്പ് വെള്ളവും ചേര്‍ത്ത് ഷേക്കറില്‍ അല്ലെങ്കില്‍ നല്ല അടപ്പുള്ള കുപ്പിയില്‍ എടുത്ത് നന്നായി കുലുക്കണം. അതിനുശേഷം ഗ്ലാസില്‍ ഒഴിച്ച് ഗാര്‍ണിഷ് ചെയ്ത് ഉപയോഗിക്കാം. എരിവ് വേണ്ടവര്‍ ഇഞ്ചിക്കഷണമോ ഒരു പച്ചമുളകോ ചേര്‍ത്താല്‍ മതി.

ഹെല്‍ത്തി മാംഗോ ജ്യൂസ്

ചേരുവകള്‍
പച്ച മാങ്ങ -ഒരെണ്ണം
ഐസ്‌ക്യൂബ് -നാലെണ്ണം
പച്ചമുളക് അല്ലെങ്കില്‍ കാന്താരിമുളക് -ഒന്നോ രണ്ടോ എണ്ണം
കറിവേപ്പില -ഒരു തണ്ട്
ഇഞ്ചി -ഒരു കഷണം
വെള്ളം -ഒരു ഗ്ലാസ്
ഉപ്പ് -അര ടീസ്പൂണ്‍

തയാറാക്കുന്ന വിധം
പച്ചമാങ്ങ കഷണങ്ങളാക്കുക. ബാക്കി ചേരുവകളും ചേര്‍ത്ത് മിക്‌സിയില്‍ ഒന്നോ രണ്ടോ പ്രാവശ്യം അടിച്ചെടുക്കണം (ഒത്തിരി സമയം അടിച്ച് അരഞ്ഞുപോകരുത്). ചതച്ച പരുവത്തില്‍ നിര്‍ത്തുക. ഇത് അരിച്ച് ഗ്ലാസില്‍ ഒഴിച്ച് ഉപയോഗിക്കാം.

ലൈം മിന്റ് ഫിസ്

ചേരുവകള്‍
നാരങ്ങാ നീര് -മൂന്നു ടേബിള്‍സ്പൂണ്‍
പഞ്ചസാര -നാലു ടേബിള്‍സ്പൂണ്‍
പുതിനയില -രണ്ടുതണ്ട്
ഐസ്‌ക്യൂബ് -മൂന്നെണ്ണം
സോഡ -ഒന്ന്

തയാറാക്കുന്ന വിധം
നാരങ്ങാനീരും പഞ്ചസാരയും പുതിനയിലയും കൂടി മിക്‌സിയില്‍ അടിക്കുക. അത് അരിച്ചതിനുശേഷം ഐസ് ചേര്‍ത്ത് ഒന്നുകൂടി അടിച്ച് ഗ്ലാസില്‍ ഒഴിച്ച് സോഡ ചേര്‍ക്കണം. ചെറുനാരങ്ങാ വട്ടത്തില്‍ അരിഞ്ഞത് അലങ്കരിച്ച് വിളമ്പാം.

വാര്‍ മെലണ്‍ സ്മൂത്തി

ചേരുവകള്‍
തണ്ണിമത്തന്‍ കുരുകളഞ്ഞ് കഷണങ്ങളാക്കിയത് – രണ്ടു കപ്പ്
പഞ്ചസാര -ഒരു ടേബിള്‍സ്പൂണ്‍
ഐസ്‌ക്യൂബ് -രണ്ടെണ്ണം
കണ്ടന്‍സ്ഡ് മില്‍ക്ക- മൂന്നു ടേബിള്‍സ്പൂണ്‍

തയാറാക്കുന്ന വിധം
തണ്ണിമത്തന്‍ പഞ്ചസാര, ഐസ്‌ക്യൂബ് എന്നിവ ചേര്‍ത്ത് അടിക്കുക. അതിലേക്ക് കണ്ടന്‍സ്ഡ് മില്‍ക്ക് ചേര്‍ത്ത് ഒന്നുകൂടി അടിക്കണം. ഇത് ഗ്ലാസില്‍ ഒഴിച്ച് പുതിനയില വച്ച് അലങ്കരിച്ച് വിളമ്പാം.

ചിക്കു ഷേയ്ക്ക്

ചേരുവകള്‍
ചിക്കു (സപ്പോ) -മൂന്നെണ്ണം
പഞ്ചസാര -രണ്ട് ടേബിള്‍സ്പൂണ്‍
തണുത്ത പാല്‍ -ഒരു ഗ്ലാസ്
ഐസ്‌ക്യൂബ് -രണ്ടെണ്ണം

തയാറാക്കുന്ന വിധം
ചിക്കു കുരു കളഞ്ഞ് എടുക്കുക. ഇതും പഞ്ചസാരയും ചേര്‍ത്ത് മിക്‌സിയില്‍ അടിക്കണം. അതിലേക്ക് തണുത്ത പാലും ഐസ്‌ക്യൂബും ചേര്‍ത്ത് നന്നായി അടിച്ച് ഗ്ലാസിലൊഴിച്ച് വിളമ്പാം.

ഇളനീര്‍ ഷെയ്ക്ക്

ചേരുവകള്‍
കരിക്ക് -ഒന്ന്
ഐസ്‌ക്യൂബ് -നാലെണ്ണം
മില്‍ക്ക് മെയ്ഡ് -ഒരു ടേബിള്‍ സ്പൂണ്‍
ഏലയ്ക്കാപ്പൊടി – അര ടീസ്പൂണ്‍

തയാറാക്കുന്ന വിധം
കരിക്ക് വെള്ളവും കാമ്പും വേറെ എടുക്കുക. ആദ്യം കരിക്ക് മിക്‌സിയില്‍ അടിക്കണം. അതിലേക്ക് കരിക്ക് വെള്ളവും ഐസ്‌ക്യൂബും മില്‍ക്ക് മെയ്ഡും ഏലയ്ക്കാപ്പൊടിയും ചേര്‍ത്ത് നന്നായി അടിച്ച് ഗ്ലാസില്‍ ഒഴിച്ച് ഉപയോഗിക്കാം.

മാംഗോ ലസി

ചേരുവകള്‍
മാങ്ങ -ഒന്ന്
തൈര് -ഒരു കപ്പ്
പഞ്ചസാര -നാല് ടേബിള്‍സ്പൂണ്‍
ഏലയ്ക്കാപ്പൊടി-കാല്‍ ടീസ്പൂണ്‍

തയാറാക്കുന്ന വിധം
നന്നായി പഴുത്ത മാങ്ങ കഷണങ്ങളാക്കിയതും പുളിയില്ലാത്ത നല്ല കട്ടത്തൈരും പഞ്ചസാരയും ഏലയ്ക്കാപ്പൊടിയും ചേര്‍ത്ത് നന്നായി മിക്‌സിയില്‍ അടിക്കുക. മാമ്പഴം കഷണങ്ങളാക്കിയത് മുകളില്‍ വച്ച് അലങ്കരിച്ച് വിളമ്പാം.

സോജി മനോജ് പാലാത്ര
ചങ്ങനാശേരി

Related posts