മട്ടന്നൂർ: ജ്യൂസ് കഴിച്ചവർക്ക് വയറിളക്കം ഉൾപ്പടെയുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായെന്ന പരാതിയെ തുടർന്ന് മട്ടന്നൂരിൽ ആരോഗ്യ വിഭാഗം ജ്യൂസ് കട അടപ്പിച്ചു.
മട്ടന്നൂർ അമ്പലം റോഡിലെ ‘ജ്യൂസ് കോർണർ ‘ കടയാണ് അടപ്പിച്ചത്. കഴിഞ്ഞ ദിവസം ഇവിടെ നിന്ന് കോക്ക്ടെയിൽ ജ്യൂസ് കഴിച്ച കുട്ടികൾ ഉൾപ്പടെയുള്ളവർക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു.
വയറിളക്കവും വയറുവേദനയും ഉണ്ടായതിനെ തുടർന്ന് പലരേയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു.
വയറിളക്കവും ഛർദ്ദിയും മൂലം രണ്ടു പേരെ മട്ടന്നൂർ ഗവ. ആശുപത്രിയിലും മറ്റുള്ളവരെ ഉരുവച്ചാൽ, ഇരിട്ടി ആശുപത്രികളിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
പരാതി ലഭിച്ചതിനെ തുടർന്നാണ് മട്ടന്നൂർ നഗരസഭയിലെയും ഗവ. ആശുപത്രിയിലെയും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ കടയിൽ പരിശോധന നടത്തിയത്. തുടർന്ന് കട പൂട്ടാൻ നിർദ്ദേശം നൽകുകയായിരുന്നു.
ഇവിടെയുള്ള സാധനങ്ങളും മറ്റും ആരോഗ്യ വിഭാഗം പിടിച്ചെടുത്തു.ഭക്ഷ്യ സുരക്ഷാവിഭാഗത്തിന്റെ നേതൃത്വത്തിൽ കടയിൽ പരിശോധന നടത്തി ഭക്ഷണത്തിന്റെ സാമ്പിളുകൾ ശേഖരിച്ചു.
അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കടയുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പടെയുള്ള നടപടികൾ ഉണ്ടാകുമെന്ന് ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു.