മുക്കം: മുക്കം നഗരസഭ പരിധിയിൽ ജലജന്യരോഗങ്ങളായ മഞ്ഞപിത്തം, വയറിളക്കം തുടങ്ങിയവ പടർന്ന് പിടിക്കാൻ ഇടയുള്ള സാഹചര്യത്തിൽ പാതയോരങ്ങളിലും മറ്റും അനധികൃതമായി പ്രവർത്തിച്ച് വരുന്നതും പൊതുജനാരോഗ്യത്തിന് ഭീഷണിയുള്ളതും ഭക്ഷ്യയോഗ്യമല്ലാത്ത ഐസ് ഉപയോഗിക്കുന്നതുമായ ഭക്ഷണപാനീയങ്ങൾ വിൽപ്പന നടത്തി വരുന്നതുമായ സ്ഥാപനങ്ങൾ നഗരസഭ പരിധിയിൽ പ്രവർത്തിക്കുന്നത് നിരോധിച്ചതായി സെക്രട്ടറി വാർത്താകുറിപ്പിൽ അറിയിച്ചു.
കരിമ്പ് ജ്യൂസ്, മുന്തിരി ജൂസ്, ശീതള പാനിയങ്ങൾ, തട്ടുകടകൾ, ചായക്കടകൾ, ഫാസ്റ്റ്ഫുഡ് കടകൾ എന്നിവക്കാണ് നിരോധനം ഏർപ്പെടുത്തി നഗരസഭ സെക്രട്ടറി ഉത്തരവിട്ടിരിക്കുന്നത്.
ഇത്തരം സ്ഥാപനങ്ങൾ നഗരസഭ പരിധിയിൽ പ്രവർത്തിപ്പിക്കാൻ പാടില്ലാത്തതും അനധികൃതമായും ഉത്തരവിന് വിരുദ്ധമായും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ നഗരസഭ അടച്ചു പൂട്ടുന്ന താണന്നും സെക്രട്ടറി അറിയിച്ചു.
അതേസമയം നഗരസഭ പരിധിയിൽ വട്ടോളി പറമ്പിലും പരിസര പ്രദേശങ്ങളിലും മഞ്ഞപിത്തം ബാധിച്ച് നിരവധി പേർ വിവിധ ആശുപത്രികളിൽ ചികത്സ തേടി. ഗുരുതരാവസ്ഥയിലായ ചിലർ മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി.