കറുകച്ചാൽ: ലോട്ടറി വിൽപനക്കാരനെ കബളിപ്പിച്ച് 25 ലോട്ടറി ടിക്കറ്റുകളും 1000 രൂപയും തട്ടിയെടുത്തു.
നിരത്തിൽ നടന്നു ലോട്ടറിക്കച്ചവടം നടത്തുന്ന മാന്തുരുത്തി മാപ്പിളക്കുന്നേൽ എം.സി. ജോസഫി (70)ന്റെ പണവും ലോട്ടറി ടിക്കറ്റുകളുമാണ് നഷ്ടമായത്.
ബുധനാഴ്ച 11.30ന് നെത്തല്ലൂർ ക്ഷേത്രത്തിന് സമീപം കോട്ടയം റോഡിലായിരുന്നു സംഭവം.
ലോട്ടറി ടിക്കറ്റുകളുമായി തോട്ടയ്ക്കാട് ഭാഗത്തേക്ക് പോകുന്പോൾ ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ ആൾ ജോസഫിന് സമീപത്ത് ബൈക്ക് നിർത്തി 25 ടിക്കറ്റുകൾ തെരഞ്ഞെടുത്തു.
തുടർന്ന് 1000 രൂപ വീതം സമ്മാനമടിച്ച നാല് ടിക്കറ്റുകൾ തന്റെ കൈവശമുണ്ടെന്നും പണം വേണമെന്നും ജോസഫിനോട് ആവശ്യപ്പെട്ടു.
1000 രൂപയേ കൈയിലുള്ളെന്ന് ജോസഫ് പറഞ്ഞപ്പോൾ 1000 രൂപ വാങ്ങുകയും 25 ടിക്കറ്റിന് പകരമായി 1000 രൂപയടിച്ച മറ്റൊരു ടിക്കറ്റുകൂടി നൽകി ഇയാൾ കറുകച്ചാൽ ഭാഗത്തേക്ക് പോയി.
വീട്ടിലെത്തി ടിക്കറ്റ് പരിശോധിച്ചപ്പോളാണ് ലോട്ടറിയുടെ നന്പറുകൾ തിരുത്തിയതാണെന്ന് തിരിച്ചറിഞ്ഞത്. തട്ടിപ്പ് മനസിലായതോടെ ജോസഫ് കറുകച്ചാൽ പോലീസിൽ പരാതി നൽകി.