മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ പേസ് ബൗളിംഗ് മുഖമായ ജുലൻ ഗോസ്വാമി ഓസ്ട്രേലിയയ്ക്കെതിരായ പരന്പരയിൽ കളിക്കില്ല. പരിക്കിനെത്തുടർന്നാണ് ഗോസ്വാമിയെ പുറത്തിരുത്തി ഇന്ത്യ ഇറങ്ങുന്നത്. ഗോസ്വാമിക്ക് ആറ് ആഴ്ചത്തെ വിശ്രമം ആവശ്യമാണെന്നാണ് ടീം വൃത്തങ്ങൾ നല്കുന്ന സൂചന. മാർച്ച് 12നാണ് ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ട്വന്റി-20.
അതേസമയം, 2016 നവംബറിനുശേഷം ടീമിൽ ഇടംലഭിക്കാതിരുന്ന യുവ പേസ് ബൗളർ സുകന്യ പരീദ ഇന്ത്യൻ സംഘത്തിലേക്ക് മടങ്ങിയെത്തി. വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ 5-1-14-0 എന്നായിരുന്നു പരീദയുടെ ബൗളിംഗ് പ്രകടനം.
15 അംഗ ടീമിൽ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ പ്രമുഖരെല്ലാം ഉൾപ്പെട്ടിട്ടുണ്ട്. ഏകദിനത്തിൽ അരങ്ങേറ്റം കുറിക്കാൻ കാത്തിരിക്കുന്ന പതിനേഴുകാരിയായ ജെമിമാഹ് റോഡ്രിഗസും ടീമിലുണ്ട്. അതേസമയം, ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ഉണ്ടായിരുന്ന 16 അംഗ ടീമിലെ വിക്കറ്റ് കീപ്പറായ താനിയ ഭാട്യയെ ഉൾപ്പെടുത്തിയിട്ടില്ല.