
കാക്കനാട്: വ്യവസായിയുടെ നഗ്നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി പണവും കാറും തട്ടിയെടുത്ത കേസിൽ യുവതിയുൾപ്പെടെ രണ്ടുപേർ പിടിയിൽ.
മാമംഗലം ചെറിയപട്ടാരപ്പറന്പിൽ ജൂലി ജൂലിയൻ (37) സഹായിയും സുഹൃത്തുമായ കാക്കനാട് അത്താണി സ്വദേശി കെ.എസ്. കൃഷ്ണകുമാർ (മഞ്ജീഷ്-33) എന്നിവരെയാണ് ഇൻഫോപാർക്ക് പോലീസ് പിടികൂടിയത്.
കഴിഞ്ഞ 27നാണ് സംഭവം . കാക്കനാട് സീപോർട്ട്-എയർപോർട്ട് റോഡിൽ മോർ സൂപ്പർ മാർക്കറ്റിന് സമീപം പ്രതികൾ ബ്യൂട്ടിപാർലർ തുടങ്ങാനെന്ന വ്യാജേന വാടകയ്ക്കെടുത്ത വീട്ടിൽവച്ചായിരുന്നു സംഭവം.
വളരെ നാളുകളായി അടുപ്പത്തിലുണ്ടായിരുന്ന വ്യവസായിയെയും ബന്ധുവിനെയും തന്ത്രപൂർവം യുവതി വാടകവീട്ടിലേക്ക് വിളിച്ചുവരുത്തി.
യുവതിയും സഹായികളായ മറ്റു മൂന്നു പേരും ചേർന്ന് മർദിക്കുകയും വ്യവസായിയെ യുവതിക്കൊപ്പം ചേർത്തിരുത്തി നഗ്നനാക്കി ഫോട്ടോയും വീഡിയോയും എടുത്തശേഷം ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തെന്ന പരാതിയിലാണ് പോലീസ് ഇവരെ പിടികൂടിയത്.
കൃഷ്ണകുമാറിനെ കാക്കനാടുനിന്നും ജൂലി ജൂലിയനെ വൈറ്റിലയിലെ ബ്യൂട്ടിപാർലറിൽ നിന്നുമാണ് പിടികൂടിയത്. വ്യവസായിയുടെ എടിഎം കാർഡും മൊബൈൽ ഫോണും കാറും തട്ടിയെടുത്ത സംഘം വ്യവസായിയുടെ എടിഎം കാർഡുപയോഗിച്ച് പല തവണയായി 50000 രൂപ എടുക്കുകയും ചെയ്തു.
പിന്നീട് അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടപ്പോൾ നൽകാതായതോടെ നഗ്നഫോട്ടോ വ്യവസായിയുടെ സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തു. ഇതോടെ ഗത്യന്തരമില്ലാതായ വ്യവസായി ഇൻഫോപാർക്ക് പോലീസിൽ പരാതി നൽകുകയായിരുന്നു.