മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ മയക്കുമരുന്ന് മാഫിയ മാധ്യമപ്രവർത്തകന്റെ തലയറുത്ത് കൊന്നു. എൽ മുണ്ടോ ഡെ വെരാ ക്രൂസ് എന്ന പത്രത്തിന്റെ ലേഖകനായ ജൂലിയോ വാൾദിവിയയാണ് കൊല്ലപ്പെട്ടത്.
മോട്സോറോംഗോയിലെ ഒരു റെയിൽവെ പാളത്തിൽ നിന്ന് ബുധനാഴ്ചയാണ് മൃതദേഹം ലഭിച്ചത്. ജൂലിയോ ഉപയോഗിച്ചിരുന്ന ബൈക്കും സംഭവ സ്ഥലത്തു നിന്ന് ലഭിച്ചു.
ജൂലിയോയുടെ ശരീരത്തിൽ കൂടി ട്രെയിൻ കയറിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കൊല ചെയ്യപ്പെടുന്നതിന് മുൻപ് ജൂലിയോയെ ക്രൂരമായി മർദിച്ചിട്ടുമുണ്ട്.
നഗരത്തിലെ അക്രമസംഭവങ്ങളെക്കുറിച്ചും മാഫിയ സംഘങ്ങളെക്കുറിച്ചും ജൂലിയോ റിപ്പോർട്ട് ചെയ്തിരുന്നു. മയക്കുമരുന്ന് മാഫിയുകളുമായി ബന്ധപ്പെട്ട വാർത്തകൾ അദ്ദേഹം ചെയ്തിരുന്നു.
ഇതുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് റിപ്പോർട്ട്. ജൂലിയോയുടെ കൊലപാതകത്തിൽ അന്വേഷണം ആരംഭിച്ചതായും കുറ്റക്കാരെ ഉടൻ പിടികൂടുമെന്നും വെരാക്രൂസ് പോലീസ് മേധാവിയും സുരക്ഷാ മന്ത്രിയുമായി ഹ്യൂഗോ ഗുട്ടിറസ് വ്യക്തമാക്കി.
മാധ്യമപ്രവർത്തകർക്ക് നേരെ രൂക്ഷമായ ആക്രമണങ്ങൾ തുടർച്ചയായി നടക്കുന്ന രാജ്യമാണ് മെക്സിക്കോ. ഈ വർഷം മാത്രം ഇതുവരെ അഞ്ച് മാധ്യമപ്രവർത്തകരാണ് രാജ്യത്ത് കൊല്ലപ്പെട്ടത്.
കഴിഞ്ഞ 20 വർഷത്തിനിടെ 100ൽ അധികം മാധ്യമപ്രവർത്തകർ കൊല ചെയ്യപ്പെട്ടു. ഇവയിൽ ഭൂരിഭാഗം കേസുകളിലും കുറ്റക്കാരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മയക്കുമരുന്ന് മാഫിയകളാണ് പല കൊലപാതകങ്ങൾക്കും പിന്നിൽ.