ലണ്ടൻ: വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജ് വിവാഹിതനായി. കാമുകി സ്റ്റെല്ല മോറിസിനെ ലണ്ടൻ ജയിലിൽ വച്ചാണ് അദ്ദേഹം വിവാഹം ചെയ്തത്.
തെക്കുകിഴക്കൻ ലണ്ടനിലെ അതീവ സുരക്ഷയുള്ള ജയിലിൽ വച്ചായിരുന്നു ചടങ്ങ്. നാല് അതിഥികൾ, രണ്ട് ഔദ്യോഗിക സാക്ഷികൾ, രണ്ട് സുരക്ഷാ ഗാർഡുകൾ എന്നിവർ മാത്രമാണ് വിവാഹച്ചടങ്ങളിൽ പങ്കെടുത്തത്.
ദമ്പതികളുടെ മക്കളായ ഗബ്രിയേൽ, മാക്സ്, അസാൻജിന്റെ പിതാവ്, സഹോദരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സുരക്ഷാ കാരണങ്ങൾ മൂലം വിവാഹ ചടങ്ങിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിക്കാൻ കഴിയില്ലെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു.
മാധ്യമ പ്രവർത്തകർക്കും ഫോട്ടോഗ്രാഫർക്കും ജയിലിൽ പ്രവേശന അനുമതി നൽകിയിരുന്നില്ല.2019 മുതൽ ബെൽമാർഷ് ജയിലിൽ തടവിലാണ് അസാൻജ്.
അമേരിക്കൻ സൈനിക രഹസ്യങ്ങളും നയതന്ത്ര രേഖകളും പുറത്തുവിട്ടതുമായി ബന്ധപ്പെട്ട 18 കേസുകളാണ് അസാൻജിനെതിരെയുള്ളത്.
ലണ്ടനിലെ ഇക്വഡോർ എംബസിയിൽ ഏഴ് വർഷത്തോളം അഭയം തേടിയിരുന്നു ജൂലിയൻ അസാൻജ്.
എംബസിയിലെ താമസക്കാലം സ്റ്റെല്ലക്കൊപ്പമായിരുന്നു അദ്ദേഹം. ഇരുവർക്കും ഈ ബന്ധത്തിൽ രണ്ട് മക്കളുണ്ട്. 2015ലാണ് ഇവരുടെ ബന്ധം ആരംഭിച്ചത്.