മാഡ്രിഡ്: ലാലിഗയില്‍ നാലാം തോല്‍വിയും വഴങ്ങിയതോടെ റയല്‍ മാഡ്രിഡ് പരിശീലകന് ജൂലിയന്‍ ലോപെടെഗിയെ പുറത്താക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. എല്‍ക്ലാസിക്കോയില്‍ ചിരവൈരികളായ ബാഴ്സലോണയില്നിന്നേറ്റ 5-1ന്റെ നാണംകെട്ട തോല്‍വിയാണ് ലോപെടെഗിയുടെ സ്ഥാനം തെറിപ്പിക്കാന്‍ ഇടയാക്കിയത്. പകര മായി അന്റോണിയോ കോന്റെയെ എത്തിക്കാനാണ് റയൽ നോ ക്കുന്നത്.
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ വിക്ടോറി പ്ലാസനെ തോല്‍പ്പിച്ചുകൊണ്ട് റയല്‍ വിജയവഴിയിലെത്തിയെന്ന് സൂചനകള്‍ നല്‍കിയിരുന്നു. എന്നാല്‍ എല്‍ക്ലാസിക്കോയിലെ തോല്‍വി ലോപെടെഗിയുടെ സ്ഥാനചലനത്തിന് ആക്കം കൂട്ടി.
എല്‍ക്ലാസിക്കോയില്‍ ജയിച്ചിരുന്നെങ്കില്‍ മുന്‍ സ്പാനിഷ് പരിശീലകന് താത്കാലികമായിട്ടെങ്കിലും സ്ഥാനം നിലനിര്‍ത്താമായിരുന്നു. ക്ലബ്ബ് പ്രസിഡന്റ് ഫ്ളോറന്റീനോ പെരസ് ഇക്കാര്യത്തില്‍ കര്‍ശന നിലപാട് സ്വീകരിക്കുമെന്നാണ് സൂചനകള്‍. കോന്റെ അടുത്തയാഴ്ച ചുമതലയേല്‍ക്കുമെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബദ്ധവൈരികളായ ബാഴ്സലോണയോട് സീസണിലെ ആദ്യ എല്‍ക്ലാസിക്കോയില്‍ നാണംകെട്ട തോല്‍വി വഴങ്ങിയതാണ് നടപടി പെട്ടെന്നാക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. സീസണിന്റെ തുടക്കം മുതല്‍ ക്ലബ്ബിന് പ്രതീക്ഷിച്ച രീതിയില്‍ നേട്ടത്തിലെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ലോപെടെഗിയെ പുറത്താക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ലാ ലിഗയില്‍ ഒമ്പതാം സ്ഥാനത്താണ് റയല്‍ ഇപ്പോള്‍. ലാ ലിഗയില്‍ കഴിഞ്ഞ അഞ്ചു കളിയില്‍ റയലിന് ജയം നേടാനായിട്ടില്ല. 2009നുശേഷം ആദ്യമായാണ് റയല്‍ തുടര്‍ച്ചയായ മൂന്നു ലീഗ് മത്സരങ്ങളില്‍ തോല്‍ക്കുന്നത്.
കഴിഞ്ഞ ലോകകപ്പിന് തൊട്ടുമുമ്പാണ് സ്പാനിഷ് ടീമിന്റെ പരിശീലകനായിരുന്ന ലോപെടെഗിയെ റയല്‍ മാഡ്രിഡ് സിദാന്റെ പകരക്കാരനായി നിയമിച്ചത്. തുടര്‍ന്ന് സ്പാനിഷ് ടീം ലോപെടെഗിയെ പുറത്താക്കി.ലോപെടെഗി എത്തിയ ശേഷം റയല്‍ മാഡ്രിഡിന് ഇതുവരെ എടുത്തുപറയാവുന്ന ജയം പോലും സ്വന്തമാക്കാന്‍ സാധിച്ചിരുന്നില്ല.
കഴിഞ്ഞ സീസണില്‍ ചെല്‍സിയില്‍ നിന്നും പുറത്തായ ഇറ്റാലിയന്‍ പരിശീലകന് കോന്റെ റയൽ മാഡ്രിഡുമായി കരാറിലെത്തിയിട്ടുണ്ടെന്നാണ് സൂചന. അതേസമയം, ഇതുസംബന്ധിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകളൊന്നും വന്നിട്ടില്ല. കോന്റെയാണ് പരിശീലനാകുന്നതെങ്കില് വ്യാഴാഴ്ച നടക്കുന്ന കോപ്പ ഡെല്‍ റേയില്‍ മെയിയ്യയ്ക്കെതിരേയുള്ള മത്സരമാകും ആദ്യത്തേത്.
കഠിന പരിശീലന മുറകള്‍ക്ക് പേരുകേട്ട കോന്റെ റയല്‍ മാഡ്രിഡില്‍ എന്ത് മാറ്റമാണ് വരുത്തുകയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ചെല്‍സിയിലെത്തിയ ആദ്യ സീസണില്‍തന്നെ ടീമിനെ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരാക്കിയ ആളാണ് കോന്റെ. കഴിഞ്ഞ സീസണില്‍ ചെല്‍സി എഫ്എ കപ്പും നേടിയത് കോന്റെയുടെ കീഴിലാണ്. 2011 മുതല്‍ 2014വരെയുള്ള കാലത്ത് യുവന്റസിനെ അഞ്ചു കിരീടങ്ങളിലേക്കാണ് കോന്റെ നയിച്ചത്.